ആലുവ കൊലപാതകം; പ്രതി അസഫാക് റിമാൻഡിൽ
പോക്‌സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടു പോകൽ അടക്കം ഒമ്പത് വകുപ്പുകളാണ് അസഫാകിനെതിരെ ചുമത്തിയിരിക്കുന്നത്
ആലുവ: ആലുവയിൽ അഞ്ചുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാകിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇയാളെ ജയിലിലേക്ക് മാറ്റും. അൽപസമയം മുമ്പ് മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് പ്രതിയെ ഹാജരാക്കിയത്.
പ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം നാളെ നൽകുമെന്നാണ് വിവരം. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. അതിന് ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ വൈദ്യപരിശോധനകൾക്ക് ശേഷമാണ് പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. പോക്‌സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടു പോകൽ അടക്കം ഒമ്പത് വകുപ്പുകളാണ് അസഫാകിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് പോക്‌സോ കോടതിയിലേക്ക് മാറ്റും.
കൊലപാതകത്തിൽ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും അന്വേഷിക്കും. ഇതിനായി ഇന്ന് വൈകിട്ട് മൂന്ന് ഉദ്യോഗസ്ഥർ ബിഹാറിലേക്ക് തിരിക്കും. പ്രതി തനിച്ചാണ് കൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടി താമസിച്ചിരുന്ന വീടിന്റെ മുകൾനില തന്നെ പ്രതി വാടകയ്ക്ക് എടുത്തത് കൃത്യം നടത്താനാണോ എന്നതടക്കം പൊലീസ് പരിശോധിക്കും.
നിലവിൽ മജിസ്‌ട്രേറ്റിന്റെ വസതിയിൽ തന്നെയാണ് പ്രതിയുള്ളത്. ഇവിടെ നിന്നിറക്കിയ ശേഷം ജയിലിലേക്ക് മാറ്റും. അസഫാകിന് വാടകവീട് തരപ്പെടുത്തി കൊടുത്ത ഹുൽജാർ ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും കുറ്റകൃത്യത്തിൽ ഇയാൾക്ക് പങ്കുള്ളതായി തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.