ബിഹാറുകാരൻ ആയുഷിന്റെ ഹൃദയം ഇനി മേപ്പാടിയിലെ മുഹമ്മദ് അലിയിൽ തുടിക്കും; കോഴിക്കോട് വീണ്ടും ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ
കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലെ ചീഫ് കാർഡിയോ തൊറാസിക് സർജൻ ഡോ. വി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.


കോഴിക്കോട്: അവയവദാനത്തിന്റെ പ്രാധാന്യം വിളിച്ചോതി കോഴിക്കോട് വീണ്ടും ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ. കോഴിക്കോട് താമസിക്കുന്ന ബീഹാർ സ്വദേശി ആയുഷ് ആദിത്യ എന്ന 19 വയസ്സുകാരന്റെ ഹൃദയം വയനാട് ജില്ലയിലെ മേപ്പാടി സ്വദേശി 49 കാരനായ മുഹമ്മദ് അലിക്കാണ് മാറ്റിവെച്ചത്. കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലെ ചീഫ് കാർഡിയോ തൊറാസിക് സർജൻ ഡോ. വി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
വയനാട് സ്വദേശി മുഹമ്മദ് അലിക്ക് ആറുമാസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ഹൃദയത്തിന്റെ പമ്പിങ് കുറയുകയും സ്ഥിരമായി ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നത്. ഡോ. നന്ദകുമാറിന്റെ നിർദേശപ്രകാരം സർക്കാരിന്റെ മൃതസഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തിയാണ് റോഡപകടത്തിൽ ഗരുതരമായി പരിക്കേറ്റ് ബ്രെയിൻ ഡെത്ത് സംഭവിച്ച ആയുഷ് ആദിത്യ എന്ന 19 കാരന്റെ ഹൃദയം മുഹമ്മദ് അലിയിൽ മാറ്റിവെച്ചത്.