സിഎഎ വിരുദ്ധ സമരം: കോൺഗ്രസ് നേതാക്കൾക്കെതിരായ കേസിൽ വിചാരണ 20 മുതൽ
2019 ഡിസംബർ 21ന് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ഭാരത് ബച്ചാവോ പ്രതിഷേധ സംഗമത്തെ തുടർന്നാണ് ടൗൺ പൊലീസ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിരുന്നത്.
പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്ത കെപിസിസി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരായ കേസിൽ ഈ മാസം 20ന് വിചാരണ ആരംഭിക്കുമെന്ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തു. സിഎഎ-എൻആർസി വിരുദ്ധ സമരത്തിനെതിരായ കേസുകൾ പിൻവലിക്കുമെന്ന മന്ത്രിസഭാ തീരുമാനം നിലനിൽക്കുമ്പോഴാണ് തുടർനടപടി.
ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പിഎം നിയാസ്, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ആർ. ഷഹീൻ, കെഎസ് യു ജില്ലാ പ്രസിഡന്റ് വി.ടി നിഹാൽ എന്നിവരുൾപ്പെടെയുള്ളവർ പ്രതികളായ കേസിലാണ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.