പുരാവസ്തു തട്ടിപ്പുകേസ്; അനിത പുല്ലയിലിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി
വീഡിയോ കോൾ വഴി മൊഴിയെടുത്ത അന്വേഷണസംഘം മോൻസനുമായുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്
പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിന്റെ ഇറ്റലിയിലുള്ള സുഹൃത്ത് അനിത പുല്ലയിലിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. വീഡിയോ കോൾ വഴി മൊഴിയെടുത്ത അന്വേഷണസംഘം മോൻസനുമായുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. ഗുണ്ടാ നേതാവ് ഓം പ്രകാശുമായി മോൻസണ് അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
വീഡിയോ കോളിലൂടെയാണ് ക്രൈംബ്രാഞ്ച് ഇന്നലെ അനിതാ പുല്ലായിലിന്റെ മൊഴി രേഖപ്പെടുത്തിയത്. പ്രവാസി മലയാളി ഫെഡറേഷൻ അംഗമായ അനിതാ പുല്ലയിലിന് മോൻസൺ മാവുങ്കലുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ഇവർ തമ്മിൽ ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആണ് അന്വേഷണസംഘം ചോദിച്ചറിഞ്ഞത്. മുൻപ് രണ്ടു തവണ ഫോണിലൂടെ ക്രൈംബ്രാഞ്ച് അനിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അനിതയുടെ മൊഴി ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കുകയാണ്. കേസിൽ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഈ ചോദ്യം ചെയ്യൽ കൂടി കഴിഞ്ഞ ശേഷമാവും അനിതയെ വിളിച്ചു വരുത്തണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
മോൻസൺ മാവുങ്കൽന്റെ ഫോൺ കോളുകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. പോൾ മുത്തൂറ്റ് വധക്കേസിലടക്കം പ്രതിയായ ഗുണ്ടാ നേതാവ് ഓം പ്രകാശുമായി മോൻസണ് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇവർ തമ്മിൽ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും തെളിവ് ലഭിച്ചു. 2019ൽ ഓം പ്രകാശിനെതിരെ ഒരു യുവതി നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടത് മോൻസൺ മാവുങ്കൽ ആണെന്നും കണ്ടെത്തി. ഓം പ്രകാശിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്താണെന്നും ഞായറാഴ്ച നാട്ടിൽ എത്താമെന്നും ഓം പ്രകാശ് അറിയിച്ചു. എറണാകുളം പ്രസ്സ് ക്ലബിന് മോൻസൺ 10 ലക്ഷം രൂപ കൈമാറിയെന്ന ആരോപണത്തിൽ മാധ്യമപ്രവർത്തകൻ സഹിൻ ആന്റണിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും.