അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യം: 10 പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ
ചിന്നക്കനാലിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ നടക്കും
ഇടുക്കി: ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി പരാമർശങ്ങളെ തുടർന്ന് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 13 പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ജനകീയ ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
ചിന്നക്കനാലിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ നാട്ടുകാർ ആരംഭിച്ചിട്ടുണ്ട്. പെരിയകനാലിലും പവർ ഹൗസ് റോഡിലും നാട്ടുകാർ കുത്തിയിരുന്ന റോഡ് ഉപരോധിക്കുകയാണ്
നേരത്തെ 13 പഞ്ചായത്തുകളിലാണ് ഹർത്താൽ എന്നാണ് അറിയിച്ചിരുന്നതെങ്കിലും രാജാക്കാട്, സേനാപതി, ബൈസൺവാലി പഞ്ചായത്തുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. വിദ്യാർഥികളുടെ പരീക്ഷ പരിഗണിച്ചാണ് തീരുമാനം. ഏഴ് ദിവസം മുന്പ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ചൂണ്ടിക്കാട്ടി ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടർന്നാൽ മയക്ക് വെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം.മൂന്ന് ദിവസത്തിനകം വിദഗ്ദ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കും. അഞ്ചാം തിയതി കേസ് പരിഗണിക്കുന്ന കോടതി ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക. അതു വരെ ദൗത്യ സംഘവും കുംകിയാനകളും ഇടുക്കിയിൽ തുടരും. ആനയെ പിടികൂടി മാറ്റേണ്ട ആവശ്യം വിദഗ്ദ്ധ സമിതി വഴി കോടതിയെ ബോധ്യപ്പെടുത്താനാകും സർക്കാരിന്റെ ശ്രമം.
അരിക്കൊമ്പൻ അപകടകാരിയാണെന്ന് വനംവകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു.
2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണ്. അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യും. നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമാണെന്നാണ് വനംവകുപ്പിന്റെ വാദം.