എം.എം ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ ആശ സുപ്രിം കോടതിയില്‍

സിപിഎമ്മിനെ എതിർ കക്ഷിയാക്കിയാണ് ഹരജി

Update: 2025-01-10 06:53 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: സിപിഎം നേതാവ് എം.എം ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് സുപ്രിം കോടതിയിൽ ഹരജി സമർപ്പിച്ചു. സിപിഎമ്മിനെ എതിർ കക്ഷിയാക്കിയാണ് ഹരജി. രാഷ്ട്രീയ തീരുമാനമാണ് നടപ്പാക്കിയതെന്ന് ആശ ഹരജിയിൽ പറയുന്നു.

ലോറൻസിന്‍റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന മക്കളുടെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകാനുള്ള അഡ്വൈസറി കമ്മറ്റിയുടെ തീരുമാനം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു മക്കളായ ആശാ ലോറൻസിന്‍റെയും സുജാത ബോബന്‍റെയും അപ്പീൽ.

ലോറൻസ് മതപരമായി ജീവിച്ച ആളാണെന്നും അതിനാൽ മതാചാരപ്രകാരമുള്ള സംസ്കാരം നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മക്കളായ ആശയും സുജാതയും ഹൈക്കോടതിയെ സമീപിച്ചത്. തർക്കങ്ങൾ അധിക നാളത്തേക്ക് നീട്ടിവെക്കുന്നത് ഉചിതമല്ലെന്നും മരിച്ച ആൾക്ക് അല്പമെങ്കിലും ആദരവ് നൽകണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജംദാറും ജസ്റ്റിസ് എസ്. മനുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരാമർശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ തർക്കപരിഹാരത്തിന് മുതിർന്ന അഭിഭാഷകനായ എൻ.എൻ സുഗുണപാലനെ മധ്യസ്ഥനായി നിയോഗിച്ചു. എന്നാൽ ആശാ ലോറൻസും സുജാത ബോബനും മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറായില്ല. പിന്നാലെ വാദം കേട്ട ശേഷമാണ് എം.എം ലോറൻസിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.

സെപ്തംബർ 21നാണ് ലോറൻസ് അന്തരിച്ചത്. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകാനുള്ള മകൻ എം.എൽ സജീവന്‍റെ തീരുമാനത്തിനെതിരെ ആശ നൽകിയ ഹരജിയിൽ കേരള അനാട്ടമി ആക്ട് പരിശോധിച്ച്‌ തീരുമാനമെടുക്കാൻ ഹൈക്കോടതി കളമശ്ശേരി മെഡിക്കൽ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിരുന്നു. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകുന്നതിൽ നിയമതടസങ്ങൾ ഇല്ലെന്നായിരുന്നു അഡ്വൈസറി കമ്മറ്റിയുടെ കണ്ടെത്തൽ. പിന്നീട് തന്‍റെ വാദം കേൾക്കാതെയുള്ള ഏകപക്ഷീയമായ തീരുമാനമാണ് അഡ്വൈസറി കമ്മിറ്റി എടുത്തതെന്ന് ആരോപിച്ച് ആശ സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും തിരിച്ചടി നേരിട്ടിരുന്നു.


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News