ആഷിക്ക് അബുവിൻ്റെ രാജി ലഭിച്ചിട്ടില്ല; ഫെഫ്ക ജനറൽ കൗൺസിൽ അംഗം ബെന്നി ആശംസ
അന്തസും മാന്യതയുമുണ്ടെങ്കിൽ സിനിമകളുടെ അണിയറ പ്രവർത്തകർക്ക് ആഷിക്ക് പണം കൊടുക്കണമെന്നും ബെന്നി
കൊച്ചി: മലയാള ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരുടെയും സംവിധായകരുടെയും സംഘടനയായ ഫെഫ്കയിൽ (Film Employees Federation of Kerala) നിന്നുള്ള ആഷിക്ക് അബുവിൻ്റെ രാജി ലഭിച്ചില്ലെന്ന് ഫെഫ്ക ജനറൽ കൗൺസിൽ അംഗം ബെന്നി ആശംസ. റൈഫിൾ ക്ലബ്, ലൗലി എന്നീ സിനിമകളുടെ അണിയറ പ്രവർത്തകർക്ക് ആക്ഷിക്ക് പണം കൊടുക്കാനുണ്ടെന്നും അന്തസും മാന്യതയുമുണ്ടെങ്കിൽ ജോലിയെടുത്ത ആളുകൾക്ക് പണം കൊടുക്കണമെന്നും ബെന്നി പറഞ്ഞു. പണം കൊടുത്ത ശേഷം രാജിയെ കുറിച്ച് ചിന്തിക്കാമെന്നും ബെന്നി ആശംസ മാധ്യമങ്ങളോട് പറഞ്ഞു.
നിലപാടിൻറെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കുന്നതായി ആഷിഖ് അബു തന്റെ രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഫെഫ്ക പരാജയമാണെന്ന കടുത്ത വിമർശനവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.