കുടുംബത്തെ കാണാതെ 10 വര്‍ഷം മരുക്കാട്ടില്‍; നാടുപിടിക്കാനിരുന്നപ്പോൾ മരണം-കണ്ണുനനയിക്കുന്ന ജീവിതകഥ പറഞ്ഞ് അഷ്‌റഫ് താമരശ്ശേരി
മരുഭൂമിയിൽ കുടുംബത്തെക്കാണാതെ ജീവിതത്തിന്റെ വലിയൊരു പങ്കും ചെലവിട്ട് ഒടുവിൽ നാടണയാനുള്ള മോഹത്തിനിടെ ജീവൻ പൊലിഞ്ഞ് നാട്ടിലേക്കു മൃതദേഹങ്ങളായി മടങ്ങുന്ന പ്രവാസികളെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ് സാമൂഹിക പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി
ഗൾഫ് ലോകത്തെ പ്രവാസികളുടെ 'ആടുജീവിത'ത്തെക്കുറിച്ച് മലയാളിക്ക് ഇനിയും അധികം പരിചയപ്പെടുത്തേണ്ടതുണ്ടെന്നു തോന്നുന്നില്ല. പ്രവാസികളുടെ നോവും യാതനയുമെല്ലാം കഥയായും സിനിമയായുമെല്ലാം ഇപ്പോൾ എല്ലാവര്‍ക്കും പരിചിതമാണ്. എന്നാൽ, മരുഭൂമിയിൽ കുടുംബത്തെക്കാണാതെ ജീവിതത്തിന്റെ വലിയൊരു പങ്കും ചെലവിട്ട് ഒടുവിൽ നാടണയാനുള്ള മോഹത്തിനിടെ ജീവൻ പൊലിഞ്ഞ് നാട്ടിലേക്കു മടങ്ങുന്ന പ്രവാസി മൃതദേഹങ്ങളെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ് സാമൂഹിക പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഗൾഫ് നാടുകളിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നിയമ, സാമ്പത്തിക കുരുക്കുകളഴിക്കാൻ മുന്നിലുള്ളയാളാണ് അഷ്‌റഫ്. ഇത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലെത്തിച്ച മൃതദേഹങ്ങളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ഹൃദയം തൊടുന്ന കുറിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ഏഴ് മൃതദേഹങ്ങളാണ് നിയമപ്രശ്നങ്ങള്‍ പരിഹരിച്ച് നാട്ടിലെത്തിച്ചതെന്ന് അഷ്‌റഫ് പറയുന്നു. ഇതിൽ ഭൂരിഭാഗം പേരും ഹൃദയാഘാതം, ആത്മഹത്യ, അപകടം തുടങ്ങിയ കാരണങ്ങളാല്‍ മരിച്ചവരാണ്. ഇക്കൂട്ടത്തിൽ കഴിഞ്ഞ പത്തു വർഷത്തോളമായി ഗൾഫില്‍ നരകജീവിതം നയിച്ച അബു എന്നയാളുടെ ജീവിതമാണ് അഷ്റഫ് പങ്കുവച്ചത്.
2011ൽ ഗൾഫിലെത്തിയ അബു പത്തുവർഷമായി ഒരു തവണ മാത്രമാണ് വിസ അടിച്ചിട്ടുള്ളത്. ആദ്യ വിസാ കാലാവധി തീർന്ന ശേഷം മറ്റൊരു വിസ ലഭിച്ചില്ല. ഇതോടെ ഉപജീവന മാർഗം തേടി കുറേ അലഞ്ഞു. പൊലീസിന്റെ പിടിയിൽപെടാതിരിക്കാൻ മരുഭൂമിയിലെ ജോലി തേടിനടന്നു. കഠിനമായ ജോലിയും തുച്ഛമായ വരുമാനവും കൊണ്ട് കുടുംബത്തെ തീറ്റിപ്പോറ്റി. നാലു മക്കളെയും പഠിപ്പിക്കുകയും രണ്ടുപേരെ കല്യാണം കഴിപ്പിച്ചയയ്ക്കുകയും ചെയ്തു.
ഒടുവിൽ കുടുംബത്തെക്കാണാനുള്ള അടങ്ങാത്ത ആഗ്രമായി. നാടുപിടിക്കണം. എന്നാൽ, പൊലീസിന് പിടികൊടുത്താൻ അനധികൃത താമസത്തിന് അടക്കേണ്ടിവരുന്ന പിഴ ചില്ലറയല്ല. ഇതിനിടയിലാണ് പൊതുമാപ്പിനെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നത്. നിറഞ്ഞ പ്രതീക്ഷയോടെ പൊതുമാപ്പിനുള്ള കാത്തിരിപ്പായി പിന്നീട്. എന്നാൽ, അതൊരു വ്യാജവാർത്തയായിരുന്നുവെന്ന് അറിയുന്നത്. ഇതോടെ കടുത്ത നിരാശയായി. നിരാശ പൂണ്ട ജീവിതം അധികം നീണ്ടുനിന്നതുമില്ല. ഹൃദയാഘാതം അബുവിനെയും കൊണ്ടുപോയെന്ന് അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കഴിഞ്ഞ ദിവസങ്ങളിലായി ഏഴ് മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലയച്ചത്. ആത്മഹത്യ, ഹൃദയാഘാതം, അപകടമരണം എന്നിവയാണ് അധികവും മരണകാരണം.
ഇതിൽ അബു എന്ന വ്യക്തിയുടെ വിശേഷം പറയാം. 2011ലാണ് ഇദ്ദേഹം ഗൾഫിൽ വരുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഇവിടെയുള്ള ഇദ്ദേഹം ഒരിക്കൽ മാത്രമാണ് വിസ അടിച്ചിട്ടുള്ളത്. ആദ്യത്തെ വിസ തീർന്നതോടെ മറ്റൊരു വിസ ലഭിക്കാതെ വന്നതോടെ ഉപജീവനമാർഗ്ഗം തേടി ഒരുപാട് അലഞ്ഞു. മറ്റു മാർഗ്ഗങ്ങളില്ലാതെ വന്നപ്പോൾ ആരും കാണാത്ത മരുഭൂമിയിലെ ജോലികൾ തേടിപ്പോയി. കഠിനമായ ജോലിയും തുച്ഛമായ വരുമാനവും സഹിച്ച് നാട്ടിലും പോകാതെ ഇദ്ദേഹം കഴിച്ചുകൂട്ടി. ഈ കാലയളവിൽ നാലു മക്കളെയും മാന്യമായി പഠിപ്പിക്കുകയും രണ്ടുപേരെ വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തു. സ്വന്തം കുടുംബത്തിന്റെ മാന്യമായ ജീവിതം മാത്രമായിരുന്നു ഇദ്ദേഹത്തിൻറെ ഉള്ളിലത്രയും. പ്രവാസലോകത്ത് കഴിഞ്ഞ പത്ത് വർഷം ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും കൊഴിഞ്ഞ് പോവുകയുമായിരുന്നല്ലോ. ഇനിയൊന്ന് നാട് പിടിക്കണം, ഉറ്റവരെയും ഉടയവരെയും കാണണം. ആരോഗ്യം അനുവദിച്ചാൽ പുതിയ വിസയിൽ വന്ന് ഭേദപ്പെട്ട ജോലി കണ്ടുപിടിക്കണം എന്ന് എന്നും സ്വപ്നം കാണും. അനധികൃത താമസത്തിന് അടക്കേണ്ടി വരുന്ന പിഴ തന്നെ വലിയ തുക വരും. അപ്പോഴാണ് പൊതുമാപ്പ് വരുന്നെന്ന വിവരം ലഭിക്കുന്നത്. പുത്തൻ പ്രതീക്ഷകളുമായി ദിനങ്ങൾ തള്ളി നീക്കുകയായിരുന്നു ഇദ്ദേഹം. പിന്നീടാണ് അറിയുന്നത് പൊതുമാപ്പ് എന്ന വിവരം തെറ്റായിരുന്നു എന്നത്. നിരാശപൂണ്ട ജീവിതം അധികം നീണ്ടുനിന്നില്ല. മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ അബുവിനെ തേടിവന്നു...
ഓരോ പ്രവാസിയും ഒരായിരം നോവുകളുമായിട്ടാണ് മണലാരണ്യത്തിൽ കഴിഞ്ഞുപോകുന്നത്. ഒത്തുവന്നാൽ അത്തറു മണക്കുന്ന പെട്ടിയും തൂക്കി ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയാൻ വന്നെത്തും. ഇതിനിടയിൽ നിരവധിപേർ ദുഃഖങ്ങളും പേറി ഹൃദയംപൊട്ടി തണുത്ത് മരവിച്ച് പെട്ടിക്കകത്തായി തന്റെ ചോര നീരാക്കി പണിത വീട്ടുമുറ്റത്തെത്തും...
നമ്മിൽനിന്നും വിട്ടുപിരിഞ്ഞ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ നന്മകൾ ചൊരിയുമാറാകട്ടെ...