അശ്വിനി കുമാർ വധക്കേസ്: പ്രതി മർഷൂക്കിന് ജീവപര്യന്തം തടവ്
കുറ്റക്കാരനെന്ന് കണ്ടെത്തിയ മൂന്നാം പ്രതി മർഷൂക്കിനാണ് തലശ്ശേരി കോടതി ശിക്ഷ വിധിച്ചത്.
കണ്ണൂര്‍: ആർഎസ്എസ് നേതാവ് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കുറ്റക്കാരനെന്ന് കണ്ടെത്തിയ മൂന്നാം പ്രതി മർഷൂക്കിനാണ് തലശേരി കോടതി ശിക്ഷ വിധിച്ചത്.
കേസിൽ മറ്റ് പ്രതികളെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. 2005 മാര്‍ച്ച് 10നാണ് ഇരിട്ടി സ്വദേശിയായ അശ്വിനി കുമാറിനെ മുഖം മൂടി ധരിച്ചെത്തിയ ആറംഗ സംഘം കൊലപ്പെടുത്തിയത്.
ഇരിട്ടിയിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്യവെയായിരുന്നു അക്രമം. ജീപ്പില്‍ പിന്തുടര്‍ന്നെത്തി ബസ് തടഞ്ഞ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 2009ലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
14 എൻഡിഎഫ് പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. 2018ലാണ് വിചാരണ ആരംഭിച്ചത്. അതേസമയം അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ നേരത്തെ അറിയിച്ചിരുന്നു.