വധശ്രമ ഗൂഢാലോചന: ദിലീപിന് നാളെ നിർണായക ദിനം
മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് നാളെ നിർണായക ദിനം. ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവുകൾ നിരത്തി പ്രോസിക്യൂഷനും, എല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപും നൽകിയ മറുപടി പരിഗണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പറയുക.
മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലെ പ്രോസിക്യൂഷൻ രേഖാമൂലം കോടതിയിൽ ചില കാര്യങ്ങൾ എഴുതി നൽകിയിരുന്നു. ഇതിലാണ് ദിലീപടക്കമുളളവർക്കെതിരെ തെളിവുകൾ നിരത്തിയത്. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടിയേക്കണം എന്നാണ് ദിലീപ് സഹോദരൻ അനൂപിനോട് പറഞ്ഞത്. 2018 മേയിൽ ആലുവ പൊലീസ് ക്ലബിന് മുന്നിലൂടെ പോകുമ്പോൾ ഇവമ്മാരെയെല്ലാം കത്തിക്കണമെന്ന് ദിലീപ് പറഞ്ഞു. എ.വി ജോർജ്, എ.ഡി.ജി. പി സന്ധ്യാ എന്നിവർക്കായി രണ്ട് പ്ലോട്ടുകൾ മാറ്റിവെച്ചിട്ടുണ്ടെന്ന സലീം എന്ന എൻ ആർ ഐ ബിസിനസുകാരനോട് ദിലീപ് പറഞ്ഞതായി മൊഴിയുണ്ട്.
കോടതിയിൽ വെച്ച് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം കിട്ടാൻ ഒരു ബിഷപ്പിന് പണം കൊടുത്തതായി സുരാജിന്റെ മൊഴിയിലുണ്ട്. എന്നാൽ അക്കാര്യം ചോദിച്ചപ്പോൾ ദിലീപ് ബഹളം വെച്ചെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ആരോപണങ്ങളെല്ലാം പച്ചക്കളളമെന്നാണ് പ്രതികൾ മറുപടി വാദം എഴുതി നൽകിയിരിക്കുന്നത്. എൻ ആർ ഐ ബിസിനസുകാരന്റെ മൊഴി പോലും എടുക്കാതെയാണ് ആരോപണം ഉന്നയിക്കുന്നത്. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്താൻ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് അന്വേഷണ സംഘത്തോട് സഹകരിക്കാതിരുന്നതെന്നും മറുപടിയിലുണ്ട്. ബാലചന്ദ്രകുമാർ പുറത്ത് വിട്ട ഓഡിയോയിലുള്ള ശബ്ദം മിമിക്രിയാണന്നാണ് ദിലീപ് പറയുന്നത്.
പൊലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിനെത്തിയപ്പോഴാണ് ഓഡിയോ കേൾക്കുന്നത്ഇതിൻ്റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ല.ഓഡിയോ വിദഗ്ധരായവർ പരിശോധിച്ച് ആധികാരികത ഉറപ്പാക്കണമെന്നുമാണ് ദിലീപിൻ്റെ വിശദീകരണം. ഇക്കാര്യങ്ങൾ പരിശോധിച്ചാകും നാളെ ജ .പി ഗോപിനാഥ് രാവിലെ 10.15 ന് വിധി പറയുക
News Summary : Assassination attempt conspiracy: Tomorrow is a crucial day for Dileep