'സുപ്രിയ മേനോൻ അർബൻ നക്സൽ'; അധിക്ഷേപ പരാമർശവുമായി ബി.ഗോപാലകൃഷ്ണൻ
അങ്കമാലിയിലെ ആശാവർക്കർമാരുടെ സമരപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണൻ


തിരുവനന്തപുരം: സുപ്രിയ മേനോനെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. സുപ്രിയ അർബൻ നക്സലാണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലയ്ക്ക് നിർത്തട്ടെ എന്നും അങ്കമാലിയിലെ ആശാവർക്കർമാരുടെ സമരപരിപാടിയിൽ ഗോപാലകൃഷ്ണൻ പറഞ്ഞു.
'മേജര്‍ രവി ഒന്ന് ആലോചിക്കണം എന്നാണ് മല്ലികാ സുകുമാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം എന്നാണ് പറയുന്നത്. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്‍റെ മരുമകള്‍. അര്‍ബന്‍ നെക്‌സല്‍. തരത്തില്‍ കളിക്കെടായെന്നാണ് ആ അര്‍ബന്‍ നെക്‌സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് മല്ലിക സുകുമാരന്‍ ശ്രമിക്കേണ്ടത് എന്നാണ് ആദ്യം പറയാനുള്ളത്', ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
എമ്പുരാൻ റിലീസിന് പിന്നാലെ പൃഥ്വിരാജ് സുകുമാരന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങൾക്കെതിരെ മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. മോഹൻലാൽ അറിയാത്ത ഒരുഭാഗവും സിനിമയിൽ ഇല്ലെന്ന് മല്ലിക മീഡിയവണിനോട് പറഞ്ഞിരുന്നു. നിർമാതാക്കളും പ്രധാന നടനും എല്ലാം പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും മോഹൻലാലിന്‍റെ പോസ്റ്റ് ഷെയർ ചെയ്യുന്നതിനപ്പുറം മറ്റ് പരസ്യ പ്രതികരണങ്ങളിലേക്ക് പൃഥ്വിരാജ് ഇതുവരെ കടന്നിട്ടില്ല.