ബി.ബി.സി റെയ്ഡിന്റെ ഉദ്ദേശ്യശുദ്ധി സംശയകരം; മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി
മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് റെയ്ഡിന്റെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ബി.ബി.സി ഡോക്യുമെന്ററിയിൽ ബി.ജെ.പി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പ് ബി.ബി.സിക്ക് നേരെ തിരിഞ്ഞിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി.ബി.സിയുടെ മുംബൈ, ഡൽഹി ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. മാധ്യമപ്രവർത്തകരുടെ മൊബൈൽഫോണുകളും ലാപ്‌ടോപ്പുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ആദായനികുതി വകുപ്പിന്റെ പരിശോധനകളുമായി സഹകരിക്കുമെന്ന് ബി.ബി.സി വ്യക്തമാക്കി.