മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കണ്ണൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു

Update: 2022-08-08 14:25 GMT
Advertising

കണ്ണൂര്‍: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (97) അന്തരിച്ചു. അല്‍പ്പ സമയം മുമ്പ് കണ്ണൂര്‍ നാറാണത്തെ വീട്ടില്‍ വച്ചാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കണ്ണൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ആദ്യകാല പത്രപ്രവര്‍ത്തകനും ഇ.എം.എസ്സിന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്നു ബെര്‍ലിന്‍. 1943 മേയ് 25ന് മുംബൈയില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത നേതാവാണ് അദ്ദേഹം. സംസ്കാരം നാളെ വൈകീട്ട് മൂന്ന് മണിക്ക് വീട്ടു വളപ്പില്‍ നടക്കും.

1962ൽ ബർലിനിൽ ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പാർട്ടി പത്രങ്ങളുടെ ലേഖകനായിരുന്നു കുഞ്ഞനന്തന്‍  നായര്‍. അദ്ദേഹത്തിന്‍റെ പേരിന് പിന്നില്‍  ബര്‍ലിന്‍ ചേരുന്നത് അങ്ങനെയാണ്. ഇഎംഎസിനും എകെജിയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ച പരിജയമുള്ള വര്‍ത്തമാനകാലത്തെ അപൂര്‍വം കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളാണ് ബെര്‍ലിന്‍. 

സ്കൂള്‍ കാലം മുതല്‍ക്ക് തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കുഞ്ഞനന്തന്‍ നായരുടെ രാഷ്ട്രീയ ഗുരു പി.കൃഷ്ണപിള്ളയായിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ച ബാലഭാരതസംഘത്തിന്‍റെ നേതൃസ്ഥാനത്തേക്ക് കൃഷ്ണപിള്ള നിർദ്ദേശിച്ചത് കുഞ്ഞനന്തന്‍ നായറെയായിരുന്നു.

കുറച്ച് കാലം മുമ്പ്  പിണറായി വിജയെനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പരസ്യമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് സി.പി.എമ്മില്‍ വലിയ വിവാദങ്ങള്‍ക്ക് അദ്ദേഹം തിരികൊളുത്തി.. പാർട്ടിയിലെ വിഭാഗീയതയിൽ വിഎസിനൊപ്പം നിന്ന കുഞ്ഞനന്തൻനായർ 2005ൽ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. 2015ൽ വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തി. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ചർച്ചയാക്കിയ  അദ്ദേഹത്തിന്‍റെ 'പൊളിച്ചെഴുത്ത്' എന്ന പുസ്തകം പാര്‍ട്ടിക്ക് അകത്തും പുറത്തും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.  കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചനമറിയിച്ചു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News