ഭാരത് ജോഡോ യാത്ര ഇന്ന് ആറ്റിങ്ങലിൽനിന്ന് തുടങ്ങും; കെ-റെയിൽ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച

വൈകീട്ട് കല്ലമ്പലത്താണ് ഇന്നത്തെ യാത്രയുടെ സമാപനം

Update: 2022-09-13 01:05 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനത്തെ മൂന്നാംദിന പര്യടനം ഇന്ന് ആറ്റിങ്ങലിൽനിന്ന് ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് കെ-റെയിൽ സമരത്തിന് പിന്തുണ തേടി സമരസമിതി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് കല്ലമ്പലത്താണ് ഇന്നത്തെ യാത്രയുടെ സമാപനം.

യാത്രയുടെ സംസ്ഥാനത്തെ മൂന്നാംദിനത്തിന് കഴക്കൂട്ടത്തുനിന്ന് രാവിലെ ഏഴു മണിയോടെയാണ് തുടക്കമാകുക. ഇന്നത്തെ ആദ്യഘട്ടം ഉച്ചയ്ക്ക് ആറ്റിങ്ങലിൽ സമാപിക്കും. രണ്ടാംഘട്ടം വൈകിട്ട് നാലിന് ആറ്റിങ്ങലിൽനിന്ന് ആരംഭിച്ച് കല്ലമ്പലത്തും സമാപിക്കും. തലസ്ഥാനത്തെ പര്യടനം പൂർത്തിയാക്കി പദയാത്ര നാളെ കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും.

ഇന്നലെ നേമം വെള്ളായണിയിൽനിന്ന് ആരംഭിച്ച യാത്ര കഴക്കൂട്ടത്താണ് സമാപിച്ചത്. യാത്രയിലുടനീളം സ്ഥിരാംഗങ്ങൾക്കൊപ്പം സംസ്ഥാന-ജില്ലാ നേതാക്കളും അനുഗമിച്ചിരുന്നു. യാത്ര കിള്ളിപ്പാലത്ത് എത്തിയപ്പോൾ മുതലപ്പൊഴിയിൽ വള്ളംമറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മൂന്നുപേരുടെയും കുടുംബാംഗങ്ങൾ രാഹുലിനെ കാണാനെത്തി. ശേഷം സെക്രട്ടറിയേറ്റ് വഴി പാളയത്ത് എത്തി. രക്തസാക്ഷി മണ്ഡപത്തിൽ രാഹുൽ പുഷ്പാർച്ചന നടത്തി.

ഇന്നലെ പട്ടം സെന്റ് മേരീസ് സ്‌കൂളിൽ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാത്തോലിക്കാ ബാവ, ലത്തീൻ ആർച്ച് ബിഷപ്പ് തോമസ് നെറ്റോ, പാളയം ഇമാം വി.പി സുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ബിഷപ്പ് ജോസ് മാർ ബർണബാസ് സഫ്രഗൻ, ബിഷപ്പ് ജോജ്വോ മാർ ഇഗ്നാത്തിയോസ്, അടൂർ ഗോപാലകൃഷ്ണൻ, സൂര്യ കൃഷ്ണമിൂർത്തി, പെരുടമ്പടവം ശ്രീധരൻ, ഡോ. ഉമ്മൻ വി. ഉമ്മൻ തുടങ്ങിയ പ്രമുഖരുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവർക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചു. പിന്നീട് വിഴിഞ്ഞം സമരസമിതി നേതാക്കളുമായും കൂടിക്കാഴ്ച നടന്നു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 150 ദിവസത്തെ ഭാരത് ജോഡോ യാത്രയ്ക്ക് സെപ്തംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് തുടക്കം കുറിച്ചത്. തമിഴ്‌നാട്ടിലെ പര്യടനം പൂർത്തിയാക്കി ജാഥ ഇന്നലെയാണ് കേരളത്തിൽ പ്രവേശിച്ചത്. സംസ്ഥാനത്ത് ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.

Summary: Bharat Jodo Yatra will start today from Attingal; Rahul Gandhi will meet with K-Rail protest committee leaders

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News