ഭാരത് ജോഡോ യാത്രയുടെ സംഘാടനം; പത്തനംതിട്ടയിൽ ഗ്രൂപ്പ് പോര് തുടരുന്നു

തിരുവല്ലയിൽ രമേശ് ചെന്നിത്തലയെ ഉൾപ്പെടുത്തി പ്രചാരണ ബോർഡുകളും സ്ഥാപിച്ചു

Update: 2022-09-16 01:25 GMT
Editor : Lissy P | By : Web Desk
Advertising

പത്തനംതിട്ട: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തിരുവല്ലയിലെ സംഘാടനത്തെ ചൊല്ലി പ്രതിഷേധം ശക്തമാക്കി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ. പ്രചാരണ ബോർഡുകളിൽ നിന്ന് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളെ മനപ്പൂർവം ഒഴിവാക്കിയെന്നാരോപിച്ചാണ് പ്രതിഷേധം. സംഘാടക സമിതി ചെയർമാനെതിരെ പരാതി നൽകിയതിന് പിന്നാലെ തിരുവല്ലയിലെ രമേശ് അനുകൂലികൾ സ്വന്തം നിലയിൽ പ്രചാരണ ബോർഡുകളും സ്ഥാപിച്ചു.

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് തിരുവല്ലയിലെ ഗ്രൂപ്പ് പോര് ശക്തമായതിന് പിന്നാലെയാണ് സംഘാടക സമിതി ചെയർമാനായ റെജി തോമസിനെതിരായി ഒരു വിഭാഗത്തിന്റെ പരാതി. ഡി.സി.സി ജന സെക്രട്ടറിയും മുൻ കെ.പി.സി.സി അംഗവുമായ റെജി തോമസ് പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതായാണ് പരാതി. പ്രചാരണ ബോർഡുകളിൽ നിന്നും ഒരു വിഭാഗം നേതാക്കളെ മനപ്പൂർവം ഒഴിവാക്കിയതും പ്രവർത്തകരുമായി ഫോണ്‍ വഴി തർക്കമുണ്ടായതുമെല്ലാം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി.

ഇക്കാര്യങ്ങൾ മുൻ നിർത്തി റെജി തോമസിനെതിരെ നടപടിയെടുക്കണമെന്നാണ് ബ്ലോക്ക് വൈസ് പ്രസിഡന്റ് റോജി കാട്ടാശ്ശേരി കെപിസിസിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ ചൊല്ലി ഗ്രൂപ്പുകൾ തമ്മിലുള്ള ഭിന്നതകൾ വീണ്ടും ശക്തമായി . ഇതോടെയാണ് രമേശ് അനുകൂലികൾ സ്വന്തം നിലയിൽ ജോഡോ യാത്രയുടെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചത്.

ഔദ്യോഗിക സംഘാടക സമിതിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ബോർഡുകളിൽ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്താതിരുന്നതാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത്. ജില്ലയിലെ മുതിർന്ന നേതാവിന്റെ നിർദേശപ്രകാരമാണ് സംഘാടക സമിതി ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും ഇവർ ആരോപിക്കുന്നു. അതേസമയം, നേതാക്കൾക്കെതിരായ പരാതികളും സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള അപവാദ പ്രചരണങ്ങളും ശക്തമായതോടെ മറു ഗ്രൂപ്പുകളും കെപിസിസിക്ക് പരാതി നൽകി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News