മലപ്പുറത്ത് വൻ വ്യാജ മദ്യ വേട്ട; മുഖ്യ പ്രതി ബിജെപി സ്ഥാനാർത്ഥി

പച്ചക്കറി കച്ചവടത്തിന്റെ മറവിലാണ് അനധികൃത മദ്യ വിൽപ്പന നടത്തിയിരുന്നത്

Update: 2022-01-11 13:15 GMT
Editor : abs | By : Web Desk
Advertising

മലപ്പുറം പാണ്ടിക്കാട് 400 കുപ്പിയോളം അനധികൃത മദ്യവുമായി രണ്ടു പേർ പിടിയിൽ. പാണ്ടിക്കാട് കാഞ്ഞിരപ്പടി സ്വദേശികളായ  ശരത് ലാൽ,  നിതിൻ എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ശരത് ലാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാണ്ടിക്കാട് പഞ്ചായത്തിലെ 19 -ാം വാർഡിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു. ഇയാൾ പച്ചക്കറി കച്ചവടത്തിന്റെ മറവിലാണ് അനധികൃത മദ്യ വിൽപ്പന നടത്തിയിരുന്നത്.

മാഹിയിൽ നിന്ന് ബൊലേറോ പിക്കപ്പിൽ കടത്തി കൊണ്ടു വന്ന 200 ലിറ്ററോളം അനധികൃത മദ്യവുമായാണ് ഇരുവരും പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിലൊടുവിലാണ് എക്‌സൈസ് സംഘം ഇവരെ വലയിലാക്കിയത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും, എക്സൈസ് ഇന്റലിജൻസ് ബ്യുറോയും, മഞ്ചേരി റെയ്ഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ പാണ്ടിക്കാട് ഹൈസ്‌കൂൾ പടിയിലുള്ള പച്ചക്കറി കടയുടെ അടുത്തെത്തിയപ്പോഴാണ് പ്രതികൾ എക്‌സൈസ് വലയിലായത്.

എക്സൈസ് ഇൻസ്പെക്ടർമാരായ വി പി ജയപ്രകാശ്, പി കെ മുഹമ്മദ് ഷഫീഖ്, എസ് മനോജ് കുമാർ, ടി ഷിജുമോൻ, പ്രിവെന്റീവ് ഓഫീസർമാരായ വിജയൻ, അബ്ദുൽ വഹാബ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ എസ് അരുൺകുമാർ, വി സുഭാഷ്, വി സച്ചിൻദാസ്, കെ അഖിൽദാസ്,സി ടി ഷംനാസ്, ടി കെ ശ്രീജിത്ത്, എക്സൈസ് ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി .

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News