പക്ഷിപ്പനി; അഴൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്തു പക്ഷികളെയും കൊന്നു
രണ്ട് ദിവസം കൊണ്ടാണ് മൂവായിരത്തിലേറെ പക്ഷികളെ കൊന്നൊടുക്കിയത്
തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്തു പക്ഷികളെയും കൊന്നു. രണ്ട് ദിവസം കൊണ്ടാണ് മൂവായിരത്തിലേറെ പക്ഷികളെ കൊന്നൊടുക്കിയത്. ആശാ വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് പഞ്ചായത്ത് അറിയിച്ചു.
2,326 കോഴികൾ, 1,012 താറാവുകൾ, 244 മറ്റുവളർത്തു പക്ഷികൾ എന്നിവ ഉൾപ്പെടെ 3,338 പക്ഷികളെയാണ് രണ്ട് ദിവസത്തിനിടെ കൊന്നൊടുക്കിയത്. 693 മുട്ടയും, നാനൂറ് കിലോയോളം കാലിത്തീറ്റയും നശിപ്പിച്ചു. പെരുങ്ങുഴി ജംങ്ഷന് സമീപമുള്ള ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ വളര്‍ത്തുപക്ഷികളെയും റെയിൽവേ സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, കൃഷ്ണപുരം, അക്കരവിള, നാലുമുക്ക്, കൊട്ടാരം തുരുത്ത് എന്നീ വാർഡുകളിലെയും പക്ഷികളെയാണ് കൊന്നൊടുക്കിയത്.
ഈ പ്രദേശങ്ങളിലെ പക്ഷികളുടെ കൈമാറ്റം, കടത്ത്, വിൽപ്പന മൂന്ന് മാസത്തേക്ക് നിരോധിച്ചതായി ജില്ലാ കലക്ടർ നേരത്തെ അറിയിച്ചിരുന്നു. ഭോപ്പാല്‍ എൻ.ഐ.എച്ച്.എസ്.എ.ഡി ലാബിൽ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചത്. മറ്റെവിടെങ്കിലും വളര്‍ത്തുപക്ഷികള്‍ അസ്വാഭാവികമായി കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാന്‍ അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.