കാസയെ ഉപയോഗിച്ച് ക്രൈസ്തവ വർഗീയത ആളിക്കത്തിക്കാന്‍ ബിജെപി നീക്കം; കോണ്‍ഗ്രസ്

മുസ്‌ലിംകളെയും ക്രൈസ്തവരേയും തമ്മിലടിപ്പിക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണെന്നും വലിയ അപകടം മുന്നില്‍ കാണണമെന്നും യോഗം വിലയിരുത്തി.

Update: 2024-10-14 01:14 GMT
Advertising

കൊച്ചി: തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസയെ ഉപയോഗിച്ച് ക്രൈസ്തവ വർഗീയത ആളിക്കത്തിക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി കോണ്‍ഗ്രസ് വിലയിരുത്തല്‍. സിപിഎമ്മിന്‍റെ ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് ചോർന്നുപോകുന്നു. ഇത് കേരളത്തിന്റെ രാഷ്ട്രീയ ഘടനയെ മാറ്റിമറിക്കുമെന്നും കൊച്ചിയില്‍ ചേർന്ന കെപിസിസി നേതൃയോഗം വിലയിരുത്തി. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ സംഘടനാ മുന്നൊരുക്കം യോഗം അവലോകനം ചെയ്തു.

തീവ്രസംഘടനയായ കാസയെ ഉപയോഗിച്ച് ക്രൈസ്തവ സമൂഹത്തില്‍ സംഘ്പരിവാർ നടത്തുന്ന ധ്രുവീകരണം ആശങ്കയുണ്ടാക്കുന്നുവെന്ന അഭിപ്രായം മുതിർന്ന നേതാവാണ് യോഗത്തില്‍ പറഞ്ഞത്. മുസ്‌ലിംകളെയും ക്രൈസ്തവരേയും തമ്മിലടിപ്പിക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണെന്നും വലിയ അപകടം മുന്നില്‍ കാണണമെന്നും യോഗം വിലയിരുത്തി. സമുദായങ്ങള്‍ തമ്മിലെ ബന്ധം ശക്തിപ്പെടുത്താന്‍ പാർട്ടി ഇടപെടണമെന്ന അഭിപ്രായവും ഉയർന്നു.

സിപിഎമ്മിന് ലഭിക്കുന്ന ഹിന്ദുവോട്ടുകള്‍ വന്‍തോതില്‍ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം കേരളത്തിന്‍റെ രാഷ്ട്രീയഘടന തകർക്കും. ഇതിന്റെ ആത്യന്തിക ഗുണഭോക്താവ് ബിജെപിയാണെന്നും യോഗം വിലയിരുത്തി. പാലക്കാട് മണ്ഡലത്തിലെ മുഴുവന്‍ ബൂത്തിലും ആർഎസ്എസ് സജീവമായി പ്രവർത്തിക്കുകയാണെന്നും അക്കാര്യം ഗൗരവത്തോടെ കാണണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പറഞ്ഞു.

ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കം യോഗം അവലോകനം ചെയ്തു. ചേലക്കരയിൽ സിപിഎമ്മിനേക്കാള്‍ കൂടുതല്‍ വോട്ട് ചേർക്കാന്‍ കോണ്‍ഗ്രസിനായി. ബൂത്ത് തലത്തില്‍ വീടുകള്‍ കയറിയുള്ള പ്രവർത്തനത്തിന് മുതിർന്ന നേതാക്കള്‍ തന്നെ നേതൃത്വം നല്‍കുകയാണ്. എല്‍ഡിഎഫിനേക്കാള്‍ മുന്നിലാണ് ചേലക്കരയിലെ പ്രവർത്തനമെന്നും യോഗത്തില്‍ റിപ്പോർട്ട് ചെയ്തു. പാലക്കാട്ടെ പ്രവർത്തനം വേണ്ടത്ര മുന്നോട്ടുപോയിട്ടില്ലെന്ന വിലയിരുത്തലുമുണ്ടായി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News