ആലുവ കൊലപാതകം; പൊതുദർശനം അവസാനിച്ചു, മൃതദേഹം ശ്മശാനത്തിലേക്ക്
കുട്ടി പഠിച്ച തായിക്കാട്ടുകര സ്‌കൂളിലാണ് പൊതുദർശനം
ആലുവ: ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം സംസ്‌കാര ചടങ്ങുകൾക്കായി ശ്മശാനത്തിലേക്കെടുത്തു. കുട്ടി പഠിച്ച തായിക്കാട്ടുകര സ്‌കൂളിൽ 9.30 വരെ പൊതുദർശനമുണ്ടായിരുന്നു. ഇതിന് ശേഷമാണ് മൃതദേഹം ശ്മശാനത്തിലേക്കെടുത്തത്.
അതേസമയം കേസിലെ പ്രതി അസ്ഫാകിനെ അൽപസമയത്തിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പ്രതി കുറ്റം സമതിച്ചെങ്കിലും കൃത്യത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന സംശയം പൊലീസിനുണ്ട്. കൃത്യം നടത്താൻ പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പൊലീസ് പരിശോധിച്ചു വരികയാണ്.
പോസ്റ്റ്‌മോർട്ടത്തിൽ ലൈംഗീക പീഡനം സ്ഥിരീകരിച്ചതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ നിലപാട്. കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ക്ക് ആണെന്നാണ് അസഫാക്കിന്റെ മൊഴി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലുൾപ്പടെ ദേഹമാസകലം മുറിവുകളുണ്ട്.
വെള്ളിയാഴ്ച 3 മണിയോടെയാണ് ബിഹാർ സ്വദേശികളുടെ അഞ്ചു വയസുകാരിയായ കുട്ടിയെ കാണാതാകുന്നത്. കുട്ടിയുമായി അസഫാക് പോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.
കുട്ടി താമസിച്ചിരുന്ന വീടിന് സമീപം വാടകയ്ക്ക് താമസിക്കാനെത്തിയതാണ് ബിഹാർ സ്വദേശിയായ അസഫാക്. കുട്ടിയെ മിഠായി നൽകി പ്രലോഭിപ്പിച്ച് കൂടെക്കൂട്ടിയ പ്രതി കുട്ടിയെ ആലുവ മാർക്കറ്റിന് പിൻഭാഗത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടിയുടെ ധരിച്ചിരുന്ന വസ്ത്രം കൊണ്ട് കഴുത്തു ഞെരിച്ചാണ് അസഫാക് കൊലപാതകം നടത്തിയത്. പിന്നീട് മൃതദേഹം ചാക്കിൽ കെട്ടി ചെളിയിൽ താഴ്ത്തി മുകളിൽ വലിയ പാറക്കല്ലുകളുമെടുത്തു വെച്ചു. ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ കുട്ടിയെ കണ്ടിട്ടു പോലുമില്ലെന്നായിരുന്നു അസഫാകിന്റെ മൊഴി. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ കുട്ടിയെ പണത്തിന് വേണ്ടി കൈമാറി എന്നതടക്കം പറഞ്ഞ് ഇയാൾ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കൊലപാതക വിവരം പുറത്തു വന്നു. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.