‘വെള്ളാപ്പള്ളിയുടെ സ്വീകരണ പരിപാടിയിൽ നിന്ന് പിണറായി വിട്ടു നിൽക്കണം’; കാന്തപുരം വിഭാഗം മുഖപത്രം

  • പ്രതികൾ മുസ്‌ലിംകളെങ്കിൽ ഭീകരവിരുദ്ധനിയമം ചുമത്തി കൽത്തുറുങ്കിലടക്കുകയും അമുസ്‌ലിംകളെങ്കിൽ കണ്ണടയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തു സാധാരണ ഉണ്ടാകാറ്. വെള്ളാപ്പള്ളിയുടെ കാര്യത്തിൽ അതാവർത്തിക്കരുതെന്നും പത്രത്തിന്റെ എഡിറ്റോറിയലിൽ പറയുന്നു

Update: 2025-04-07 06:47 GMT
Editor : സനു ഹദീബ | By : Web Desk
Advertising

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തിൽ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം മുഖപത്രം. വെള്ളാപ്പള്ളിയുടെ സ്വീകരണ പരിപാടിയിൽ നിന്ന് പിണറായി വിട്ടു നിൽക്കണമെന്ന് സിറാജ് പത്രത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു. ഒരു ജില്ലയിലെ മുസ്‌ലിംകളെയാകെ ഇകഴ്ത്തുകയും അക്രമകാരികളും വർഗീയവാദികളുമായി മുദ്രകുത്തുകയും ചെയ്ത വെളളാപ്പള്ളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

'പ്രതികൾ മുസ്‌ലിംകളെങ്കിൽ ഭീകരവിരുദ്ധനിയമം ചുമത്തി കൽത്തുറുങ്കിലടക്കുകയും അമുസ്‌ലിംകളെങ്കിൽ കണ്ണടയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തു സാധാരണ ഉണ്ടാകാറ്. വെള്ളാപ്പള്ളിയുടെ കാര്യത്തിൽ അതാവർത്തിക്കരുത്. എസ്എൻഡിപി യോഗം പ്രാദേശിക ഘടകം ഈ മാസം 11നു ചേർത്തലയിൽ വെളളാപ്പള്ളി നടേശന് സ്വീകരണപരിപാടി സംഘടിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായിയും മന്ത്രിമാരായ പി പ്രസാദും പി രാജൂവും വി എൻ വാസവനും മതേതര കേരളത്തിന്റെ വികാരം മാനിച്ചു പരിപാടിയിൽ നിന്നും പിന്മാറുകയാണ് വേണ്ടത്," മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

മലപ്പുറം ജില്ലാ രൂപവത്കരണ കാലംതൊട്ടേ, അഞ്ചര പതിറ്റാണ്ടായി കേട്ടുവരുന്നതും കേരളീയ സമൂഹം ചവച്ചുതുപ്പിയതുമായ ആരോപണങ്ങളുടെ ആവർത്തനമാണ് വെള്ളാപ്പള്ളിയും നടത്തിയതെന്നും കാന്തപുരം വിഭാഗം മുഖപത്രത്തിൽ പറയുന്നു. എന്നാൽ മതമൈത്രിയുടെയും സൗഹൃദത്തിന്റെയും കഥകൾ മാത്രമേ എക്കാലവും മലപ്പുറത്തിനു പറയാനുള്ളൂ. മുസ്‌ലിംകൾ ഇതര മതസ്ഥരുമായും മറിച്ചും അതീവ സൗഹാർദത്തിലാണ് ജില്ലയിൽ ജീവിച്ചു വരുന്നത്. എന്നാൽ മലപ്പുറത്ത് വന്ന് ജില്ലക്കെതിരെ കടുത്ത വർഗീയ വിദ്വേഷ പ്രസംഗം നടത്തിയിട്ടും വെള്ളാപ്പള്ളിയെ ആരും കയ്യേറ്റം ചെയ്തില്ല. ശാരീരികമായി ഉപദ്രവിച്ചില്ല. അതല്ല മലപ്പുറത്തിന്റെ പൈതൃകം. ഉത്തർ പ്രദേശിലോ ഗുജറാത്തിലോ ചെന്ന് ആ സംസ്ഥാനത്തെയും നാട്ടുകാരെയും അധിക്ഷേപിച്ചു സംസാരിക്കാൻ ആരെങ്കിലും തുനിഞ്ഞാൽ ജീവനോടെ തിരിച്ചുപോരാൻ കഴിയുമോ? എന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News