'ക്രിസ്ത്യൻ ലോബിയുടെ കുരിശുയുദ്ധം'; ബി.ഗോപാലകൃഷ്ണൻ കേസരിയിൽ എഴുതിയ ലേഖനം വീണ്ടും ചര്‍ച്ചയാകുന്നു

വഖഫ് ഭേദഗതി ബിൽ പാർലമെന്‍റ് പാസാക്കിയതിന് പിന്നാലെ കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങൾ ആർഎസ്എസ് വാരിക പുറത്തുവിട്ടത് വലിയ ചർച്ചയായിരുന്നു

Update: 2025-04-07 06:04 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: കത്തോലിക്കാ സഭക്കെതിരെ ആര്‍എസ്എസ് ദേശീയ മുഖപത്രമായ ഓര്‍ഗനെസറിൽ വന്ന ലേഖനം പിൻവലിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ ആര്‍എസ്എസ് വാരികയിൽ എഴുതിയ പഴയ ലേഖനം വീണ്ടും ചര്‍ച്ചയാകുന്നു. 'ക്രിസ്ത്യൻ ലോബിയുടെ കുരിശുയുദ്ധം'എന്ന തലക്കെട്ടിൽ കേസരിയിൽ എഴുതിയ ലേഖനമാണ് സോഷ്യൽമീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കത്തോലിക്കാ സഭയുടെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഗോപാലകൃഷ്ണൻ സഭക്കെതിരെ ലേഖനം എഴുതിയിരിക്കുന്നത്. "മലയോര മേഖലയെ തങ്ങളുടെ ഇടനാഴിയാക്കിയ പള്ളി എന്തിനാണ് കുഞ്ഞാടുകളെ തെരുവിലിറക്കുന്നതെന്ന്'' ലേഖനത്തിൽ ചോദിക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ കത്തോലിക്ക സഭയാണ് എന്ന് ചൂണ്ടിക്കാട്ടി ശശാങ്ക് കുമാർ ദ്വിവേദി ഓര്‍ഗനൈസറിൽ എഴുതിയ ലേഖനമായിരുന്നു ഈയിടെ പിൻവലിച്ചത്. വഖഫ് ഭേദഗതി ബിൽ പാർലമെന്‍റ് പാസാക്കിയതിന് പിന്നാലെ കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങൾ ആർഎസ്എസ് വാരിക പുറത്തുവിട്ടത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ലേഖനം പിൻവലിച്ചത്.

രാജ്യത്തുടനീളം ഏകദേശം ഏഴ് കോടി ഹെക്ടർ (17.29 കോടി ഏക്കർ) ഭൂമി കത്തോലിക്ക സഭക്കുണ്ട് എന്നാണ് ലേഖനത്തിൽ പറയുന്നത്. പള്ളികൾ, സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങൾ ഈ ഭൂമിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഈ സ്വത്തിന്‍റെ ആകെ മൂല്യം ഏകദേശം 20,000 കോടി വരുമെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.

ഗോപാലകൃഷ്ണന്‍റെ ലേഖനത്തിൽ നിന്ന്

കസ്‌തൂരി രംഗനെ മുന്നിൽനിർത്തി ക്രൈസ്‌തവ സഭ നടത്തുന്ന യുദ്ധ പ്രഖ്യാപനം പശ്ചിമഘട്ട മലനിരകൾ ചൂഷണം ചെയ്യാനുള്ള ചർച്ച കൊളോണിയലിസത്തിന്‍റെ ക്രൂരമായ കുതന്ത്രമാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഏൽപിച്ച ദൗത്യം ആത്മാർത്ഥതയോടെ അന്വേഷിക്കുകയും യാഥാർഥ്യങ്ങളെ കണ്ടെത്തി സമൂഹത്തിന്റെ നിലനിൽപിന് നീതിബോധത്തിന്‍റെ നിസ്വാർത്ഥമായ നിർ വ്വഹണം അനിവാര്യമാണെന്ന് ഊന്നി പറയുകയും പരിഹാരം നിർദേശിക്കുകയും ചെയ്‌ത പ്രശസ്‌ത പരിസ്ഥിതി ഗവേഷകൻ ഗാഡ്‌ഗിലിന്റെ ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ പശ്ചിമഘട്ട സംരക്ഷണറിപ്പോർട്ടിനെ അവഹേളിച്ച് അട്ടിമറിക്കാൻ മെത്രാൻമാരും മാഫിയകളും നടത്തുന്ന ഒളിപ്പോരാണ് കസ്‌തൂരിരംഗൻ റിപ്പോർട്ടും വിശ്വാസികളെക്കൊണ്ട് നടത്തുന്ന കുരിശുയുദ്ധവും.

പള്ളിപ്പണവും കള്ളപ്പണവും സംരക്ഷിക്കാൻ മെത്രാന്മാരും കുടിയേറ്റ ഭൂ മാഫിയകളും ഇതിനുമുമ്പും കൈ കോർത്തിട്ടുണ്ട്. 1957ലെ ഭൂപരിഷ്‌കരണ നിയമത്തിൽനിന്നും തോട്ടവിള - ഭൂമാഫിയകൾ സംരക്ഷിക്കപ്പെട്ടത് ചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെടാത്ത ഒത്തുകളിയുടെ ഫലമായിരുന്നു. പശ്ചിമഘട്ടമെന്നത് ആറ് സംസ്ഥാനങ്ങളുടെ ഭാഗമാ യാണെങ്കിലും പല സംസ്ഥാനങ്ങളിലും മെത്രാന്മാർക്ക് സ്വാധീനമില്ല എന്നതാണ് യാഥാർത്ഥ്യം കർഷകരുടെ പേരിൽ കേരളത്തിൽ മാത്രമേ അവർക്ക് കലാപം നടത്താനാകൂ. ഇടുക്കി കാശ്മീരാക്കുമെന്നും താമരശ്ശേരി നക്‌സൽ കേന്ദ്രമാക്കുമെന്നും മെത്രാന്മാർ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ സഭയുടെ യുദ്ധപ്രഖ്യാപനത്തിൻ്റെ പിന്നിലെ കുതന്ത്രവും രാഷ്ട്രീയക്കളികളും യാഥാർഥ്യവും ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് ലേഖനത്തിൽ പറയുന്നു. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News