ബ്രാഞ്ച് സമ്മേളനങ്ങൾക്ക് അടുത്ത മാസം തുടക്കമാകും; സംസ്ഥാന സമ്മേളനത്തിനൊരുങ്ങി സിപിഎം
ഡിസംബർ, ജനുവരി മാസങ്ങളിൽ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമ്മേളനങ്ങള്‍ നടക്കുകയെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ അറിയിച്ചു
സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് സിപിഎം. ബ്രാഞ്ച് സമ്മേളനങ്ങൾക്ക് അടുത്ത മാസം തുടക്കമാകും. ജില്ലാ സമ്മേളനങ്ങൾ ഡിസംബർ, ജനുവരി മാസങ്ങളിൽ പൂർത്തിയാക്കും. തുടർന്ന് ഫെബ്രുവരിയിൽ എറണാകുളത്താണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. രണ്ടു ദിവസമായി തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനങ്ങൾ മാധ്യമങ്ങൾക്കു മുൻപാകെ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്.
സിപിഎം 23-ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്താൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി വിശദീകരിച്ചു. വിവിധ തലങ്ങളിലുള്ള പാർട്ടി സമ്മേളനങ്ങൾ നടത്താൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ സെപ്റ്റംബർ രണ്ടാം ആഴ്ചയോടുകൂടി ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കും. ഇതിന്റെ തുടർച്ചയിൽ വിവിധ തട്ടുകളിലുള്ള പാർട്ടി ഘടകങ്ങളുടെ സമ്മേളനങ്ങളും നടക്കും. സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ എറണാകുളത്ത് നടക്കും. അതിനുമുന്നോടിയായി ഡിസംബർ, ജനുവരി മാസങ്ങളിൽ ജില്ലാ സമ്മേളനങ്ങൾ പൂർത്തീകരിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും എല്ലാ സമ്മേളനങ്ങളും നടക്കുകയെന്നും വിജയരാഘവൻ പറഞ്ഞു.
കർഷകർക്കെതിരായ നിഷേധാത്മകമായ നിലപാട്, പാർലമെന്റിൽ ജനകീയ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകാത്ത ഏകാധിപത്യ സമീപനങ്ങൾ, ഫെഡറലിസത്തിനെതിരായ അതിക്രമങ്ങൾ, പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധന, രാജ്യത്താകെ വിലക്കയറ്റവും തൊഴിലില്ലായ്മയും പെരുകുന്ന സ്ഥിതി തുടങ്ങി കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ നടത്തും. ഇതിന്റെ ഭാഗമായി സെപ്റ്റംബർ ഒൻപതിന് സംസ്ഥാനത്തെ 2,000 കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുൻപിൽ ജനകീയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.