ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭാ പള്ളിത്തര്‍ക്കം ഇന്ന് സുപ്രിം കോടതിയിൽ
ഹൈക്കോടതി വിധിക്കെതിരെ യാക്കോബായ സഭയും അപ്പീല്‍ നല്‍കിയിട്ടുണ്ട്
കൊച്ചി: ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭാ പള്ളിത്തര്‍ക്കം ഇന്ന് സുപ്രിം കോടതിയിൽ. യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീലാണ് പരിഗണിക്കുക. കലക്ടര്‍മാര്‍ പള്ളികള്‍ ഏറ്റെടുത്ത് സീല്‍ ചെയ്യണമെന്ന ഉത്തരവ് തല്‍ക്കാലം സ്റ്റേ ചെയ്യണമെന്നും ഏറ്റെടുക്കലിന് സാവകാശം വേണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ.
ഹൈക്കോടതി വിധിക്കെതിരെ യാക്കോബായ സഭയും അപ്പീല്‍ നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ തടസവാദഹരജിയും നൽകിയിരുന്നു.
ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. സഭാതര്‍ക്കം നിലനില്‍ക്കുന്ന പള്ളികള്‍ ഏറ്റെടുക്കണമെന്ന സുപ്രിം കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിച്ചായിരുന്നു ഹൈക്കോടതി തീരുമാനം.
സുപ്രിംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ യാക്കോബായ സഭയ്ക്കു കീഴിലെ ആറ് പള്ളികള്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ പള്ളികള്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി നേരത്തേ പാലക്കാട്, എറണാകുളം കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവിനെതിരെ സര്‍ക്കാരും യാക്കോബായ സഭാംഗങ്ങളും നല്‍കിയ അപ്പീലുകള്‍ നല്‍കിയെങ്കിലും ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.
പള്ളികള്‍ ഏറ്റെടുക്കാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്‌നം പറഞ്ഞ് നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യക്കുറ്റ നടപടികള്‍ ആരംഭിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ തീരുമാനം. കേസുകളില്‍ കുറ്റം ചുമത്തുന്ന നടപടികള്‍ക്കായി എതിര്‍കക്ഷികളോടു നേരിട്ടു ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചത്.