ആര്‍.എസ്.എസ്സിന് മുകുന്ദന്‍റെ ശൈലിയാണെങ്കില്‍ എനിക്ക് ഇഷ്ടമാണ്-സി. ദിവാകരൻ
തിരുവനന്തപുരത്ത് നടന്ന പി.പി മുകുന്ദന്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരുന്നു
തിരുവനന്തപുരം: അന്തരിച്ച ബി.ജെ.പി നേതാവ് പി.പി മുകുന്ദനെ പ്രകീർത്തിച്ച് സി.പി.ഐ നേതാവ് സി. ദിവാകരൻ. മുകുന്ദൻ ഏറ്റവും ഇഷ്ടമുള്ള നേതാവാണ്. അദ്ദേഹത്തിന്റെ ശൈലിയാണ് ആർ.എസ്.എസ്സിനെങ്കില്‍ തനിക്കിഷ്ടമാണെന്നും ദിവാകരൻ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന പി.പി മുകുന്ദന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സി. ദിവാകരന്‍. ''ആർ.എസ്.എസുകാരെ കുറിച്ച് ഞങ്ങൾ പ്രചരിപ്പിക്കുന്നതെല്ലാം വേറെ കഥകളാണ്. എല്ലാവരും മുകുന്ദേട്ടനെ പോലെ ആണെങ്കിൽ പിന്നെ ഒരു പ്രശ്‌നവുമില്ല. ഞങ്ങൾക്ക് ദുരഭിമാനമുണ്ട്. സുരേന്ദ്രനും കുറച്ച് ഉണ്ടായിരിക്കും. പക്ഷേ അദ്ദേഹത്തിന് അതുണ്ടായിരുന്നില്ല-അദ്ദേഹം പറഞ്ഞു.
മുകുന്ദേട്ടനെ പാടിപ്പുകഴ്ത്തിയാൽ പോരാ, അദ്ദേഹത്തിന്റെ സ്‌റ്റൈൽ പിന്തുടരാൻ കഴിയണം എന്നാണ് ബി.ജെ.പിക്കാരോട് പറയാനുള്ളത്. യഥാർത്ഥത്തിൽ ഒരു കമ്മ്യൂണിസ്റ്റ് ശൈലിയുള്ള ആളാണ് അദ്ദേഹം. കമ്മ്യൂണിസ്റ്റുകാരുടെ ശൈലിയെല്ലാം ഇപ്പോൾ പോയി. പക്ഷേ അദ്ദേഹം അത് വിടാതെ പിന്തുടർന്നുവെന്നും ദിവാകരൻ കൂട്ടിച്ചേർത്തു.
മസ്കറ്റ് ഹോട്ടലിൽ നടന്ന അനുസ്മരണ ചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. രണ്ടുചേരിയിൽ പ്രവർത്തിച്ചപ്പോഴും വ്യക്തിബന്ധത്തിൽ കോട്ടം തട്ടാതിരിക്കാൻ മുകുന്ദൻ ശ്രദ്ധിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ സംഘർഷം നിറഞ്ഞ നാളുകളിൽ പരസ്പരബഹുമാനത്തോടെ പ്രവർത്തിക്കാൻ സാധിച്ചതായും അദ്ദേഹം അനുസ്മരിച്ചു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മന്ത്രി ആന്‍റണി രാജു, മുതിർന്ന ആർ.എസ്.എസ് പ്രചാരകൻ എസ്. സേതുമാധവൻ, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
Summary: ''I would like RSS if it follows P.P Mukundan's style: Says CPI leader C. Divakaran