രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന രാജ്യദ്രോഹപരമായ നിയമമാണ് സി.എ.എ: വി.ടി ബൽറാം
മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ ഒരു നരേന്ദ്ര മോദിയേയും കോൺഗ്രസ് അനുവദിക്കില്ലെന്ന് ബൽറാം പറഞ്ഞു.
തിരുവനന്തപുരം: രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന രാജ്യദ്രോഹപരമായ നിയമമാണ് സി.എ.എ എന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. രാജ്യത്തിന്റെ അടിത്തറ തന്നെ മാന്തുന്ന നിയമമാണ് ഇത്. ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചാൽ മാത്രമേ ബി.ജെ.പിക്ക് അധികാരത്തിലെത്താനാവൂ. ചരിത്രത്തിലാദ്യമായി മതം പൗരത്വത്തിന്റെ മാനദണ്ഡമായി മാറുകയാണ്. മുസ്‌ലിംകളെ ഒഴിവാക്കി മറ്റുള്ളവരെ പൗരത്വത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നത് രാജ്യത്തിന്റെ അടിത്തറ തന്നെ മാന്തുന്നതിന് തുല്യമാണെന്നും ബൽറാം പറഞ്ഞു.
ഇന്ത്യയെന്ന സങ്കൽപ്പത്തെ മോദി അട്ടിമറിക്കുകയാണ്. മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ ഒരു നരേന്ദ്ര മോദിയേയും അനുവദിക്കില്ല. തെരഞ്ഞെടുപ്പിലൂടെ മോദിയെ കോൺഗ്രസ് താഴെയിറക്കും. മോദി നാണംകെട്ട രാജ്യദ്രോഹിയായ ഭരണാധികാരിയാണ്. സി.എ.എ ഏതെങ്കിലും ഒരു വിഭാഗത്തിനെതിരായ നിയമമല്ല. രാജ്യത്തിന്റെ ഭരണഘടനക്ക് എതിരായ നിയമമാണ്. രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് തന്നെ വിരുദ്ധമായ നിയമമാണെന്നും ബൽറാം പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവർക്ക് പോലും സി.എ.എ പ്രകാരം പൗരത്വം നൽകുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽനിന്ന് ആരും ഇന്ത്യയിലേക്ക് വന്നിട്ടില്ല. എന്നാൽ ശ്രീലങ്കയിൽനിന്നും മ്യാൻമറിൽനിന്നും നിരവധിപേർ ഇന്ത്യയിൽ അഭയാർഥികളായി എത്തിയിട്ടുണ്ട്. അവരെയൊന്നും പരിഗണിക്കാൻ കേന്ദ്രം തയ്യാറാവുന്നില്ല. മുസ്‌ലിംകൾക്ക് പൗരത്വം നൽകിയില്ലെന്ന് പച്ചക്ക് പറഞ്ഞുകൊണ്ടാണ് കേന്ദ്രസർക്കാർ പൗരത്വ നിയമം നടപ്പാക്കുന്നതെന്നും ബൽറാം പറഞ്ഞു.