സി.എ.ജി റിപ്പോർട്ട് ഗൗരവതരം; സംയുക്ത നിയമസഭാ സമിതി അന്വേഷിക്കണമെന്ന് വെൽഫെയർ പാർട്ടി
ഇടതുപക്ഷത്തിന്റെ ഭരണപരാജയത്തിന്റെ വ്യക്തമായ സൂചകമാണ് സി.എ.ജി റിപ്പോർട്ടെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ, മാലിന്യ സംസ്കരണം, നികുതി പിരിച്ചെടുക്കൽ, ബാർ ലൈസൻസ് തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാറിന്റെ ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും വെളിപ്പെടുത്തുന്ന സി.എ.ജി റിപ്പോർട്ട് ഗൗരവതരമാണെന്നും ഇടതുപക്ഷത്തിന്റെ ഭരണപരാജയത്തിന്റെ വ്യക്തമായ സൂചകമാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
കഴിഞ്ഞ ദിവസം മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ സമർപ്പിച്ച സി.എ.ജി റിപ്പോർട്ട് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. 2022 മാർച്ച് വരെയുള്ളതിൽ 28258.39 കോടി രൂപയുടെ നികുതി കുടിശ്ശികയാണ് പിരിച്ചെടുക്കാനുള്ളത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നിരന്തരം ആവർത്തിക്കുകയും അതിന്റെ പേരിൽ പല ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പും മന്ദഗതിയിലാകുകയോ വളരെ കുറഞ്ഞ ഫണ്ട് മാത്രം അനുവദിക്കുകയോ ചെയ്യുമ്പോഴാണ് ഖജനാവിലേക്കെത്തേണ്ട വൻ തുകകൾ സർക്കാർ അനാസ്ഥ മൂലം മുടങ്ങിക്കിടക്കുന്നത്. മൊത്തം വരുമാനത്തിന്റെ 24.23 ശതമാനമാണ് ഇങ്ങനെ മുടങ്ങിക്കിടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മുടങ്ങിക്കിടക്കുന്ന മുഴുവൻ നികുതി തുകയും പിരിച്ചെടുക്കാൻ റവന്യു വകുപ്പ് അടിയന്തിര ഇടപെടൽ നടത്തണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളും സി.എ.ജി റിപ്പോർട്ട് അക്കമിട്ടു നിരത്തുന്നുണ്ട്. സർക്കാർ ജീവനക്കാരുൾപ്പെടെ പ്രസ്തുത പെൻഷൻ കൈപ്പറ്റിയതായും മരിച്ചവരുടെ പേരിലുൾപ്പെടെ പെൻഷൻ വിതരണം നടന്നതായും അതേ സമയം അർഹരായ 25,000 ലേറെ പേർക്ക് പെൻഷൻ നിഷേധിക്കപ്പെട്ടു. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതിയായ ക്ഷേമ പെൻഷൻ പലയിടത്തും ഇടനിലക്കാർ വഴിയാണ് വിതരണം ചെയ്യപ്പെട്ടത്. ഇതും ഗൗരവമായി കാണണം. 'സേവന' സോഫ്റ്റ് വെയറിലെ പോരായ്മയും സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയുടെ സുതാര്യമല്ലാത്ത പ്രവർത്തനവും ഈ ക്രമക്കേടുകൾക്ക് സഹായകമാകുന്ന ഘടകങ്ങളാണ്.
ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിന് ചെലവായതിന്റെ മൂന്നര മടങ്ങ് തുക സ്വകാര്യ കരാറുകാരന് കൈമാറിയത് ഗുരുതരമായ ക്രമക്കേടാണ്. മാലിന്യ സംസ്കരണം സംബന്ധിച്ച് വലിയ അവകാശങ്ങൾ ഉന്നയിക്കുകയും പൊതുജനങ്ങളിൽ നിന്ന് വൻ തുക പിഴ ഈടാക്കുകയും ചെയ്യുന്ന തദ്ദേശസ്ഥാപനങ്ങൾ, പക്ഷേ, ഇത് സംബന്ധിച്ച കൃത്യമായ രേഖകൾ സൂക്ഷിക്കുകയോ, മതിയായ ഫണ്ട് വിനിയോഗം നടത്തുകയോ,
മാലിന്യ സംസ്കരണം സംബന്ധിച്ച മാർഗ്ഗനിർദേശങ്ങൾ കൃത്യമായി പാലിക്കുകയോ ചെയ്യുന്നില്ലെന്നും റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. ബാറുകൾക്ക് അനധികൃത ലൈസൻസ് അനുവദിക്കുന്നതിലൂടെ എക്സൈസ് വകുപ്പിൽ 10.32 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയിട്ടുള്ളത്.
വ്യത്യസ്ത വകുപ്പുകൾക്കു കീഴിൽ ഗുരുതരമായ ക്രമക്കേടുകളും അഴിമതികളുമാണ് സി.എ.ജി റിപ്പോർട്ടിലൂടെ പുറത്തു വന്നിട്ടുള്ളത്. നമ്പർ വൺ കേരളമെന്നത് കേവലം ഊതി വീർപ്പിക്കപ്പെട്ട പി.ആർ മാത്രമാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഒരു സംയുക്ത നിയമസഭാ കമ്മിറ്റിയെ നിയമിക്കണമെന്നും റസാഖ് പാലേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.