പാർട്ടി സെക്രട്ടറി സ്ഥാനത്ത് സിപിഎമ്മിന് ഒരു മുസ്‌ലിമിന്റെ പേരു പറയാനാകുമോ? എംഎൻ കാരശ്ശേരി

"കേരളത്തിന് പുറത്ത്, രാഹുൽ ഗാന്ധിയുടെ ചിത്രം വച്ചാണ് തമിഴ്‌നാട്ടിൽ രണ്ട് എംപിമാർ സിപിഎമ്മിനുണ്ടായത്."

Update: 2022-01-18 15:32 GMT
Editor : abs | By : abs
Advertising

കോഴിക്കോട്: സ്വന്തം പാർട്ടി അനുവർത്തിച്ചിട്ടില്ലാത്ത ഒരു നയം കോൺഗ്രസിന് വേണം എന്നു പറയുന്നതിൽ സിപിഎമ്മിന് എന്തു ധാർമികാവകാശമാണുള്ളതെന്ന് എഴുത്തുകാരൻ എംഎൻ കാരശ്ശേരി. കെപിസിസിയുടെ തലപ്പത്ത് നിരവധി മുസ്‌ലിം നേതാക്കൾ വന്നിട്ടുണ്ട് എന്നും സിപിഎം സെക്രട്ടറിയായി ഒരു മുസ്‌ലിമെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നും കാരശ്ശേരി ചോദിച്ചു. മീഡിയവൺ ഫസ്റ്റ് ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതാക്കളെ ജാതിയും മതവും വേർതിരിച്ചു കാണുന്നത് ലജ്ജാവഹമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കോടിയേരി ബാലകൃഷ്ണൻ കേരളത്തിന്റെ സമുന്നതനായ നേതാവാണ്. അദ്ദേഹം ഇത്രയും വില കുറഞ്ഞ രീതിയിൽ സംസാരിക്കുന്നത് കേരളീയർക്കു തന്നെ അപമാനകരമാണ്. ഒരു പാർട്ടിയിലെ സ്ഥാനം മതവിഭാഗത്തിന്റെയോ ജാതി വിഭാഗത്തിന്റെയോ സംവരണമാണ് എന്നു പറയുന്നത് അങ്ങേയറ്റം അന്യായമാണ്. കേരളത്തിലെ കെപിസിസിയുടെ പ്രസിഡണ്ടായി എംഎം ഹസനെ വച്ചു കഴിഞ്ഞാൽ ഈ വാദമൊന്നുമില്ലല്ലോ. കേരളത്തിന് പുറത്ത് രാഹുൽ ഗാന്ധിയുടെ ചിത്രം വച്ചാണ് തമിഴ്‌നാട്ടിൽ രണ്ട് എംപിമാർ സിപിഎമ്മിനുണ്ടായത്. ബിജെപിയും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവുമില്ലെങ്കിൽ ആ എംപിമാർ രാജി വയ്ക്കുമോ? കേരളത്തിനു പുറത്തുള്ള സിപിഎമ്മുമാർക്ക് കോൺഗ്രസിനെ കുറിച്ച് ഇതല്ല അഭിപ്രായം. ഒരു ദേശീയ ബദൽ ബിജെപിക്കെതിരെ ഉയർന്നു വരണം. അതിന്റെ നേതൃത്വം കോൺഗ്രസിനാകണം എന്നു വിചാരിക്കുന്ന പാർട്ടികൾ ഇന്ത്യയിലുണ്ട്. അതിൽ സിപിഎമ്മുമുണ്ട്. സീതാറാം യെച്ചൂരിക്ക് അതാണ് അഭിപ്രായം. കേരളത്തിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അത് സമ്മതിക്കില്ല. അവർക്ക് വിശാല ദേശീയ താത്പര്യങ്ങളേക്കാൾ അധികം കേരളത്തിലെ ഭരണം നിലനിർത്തുക എന്നതാണ്. സ്വന്തം പാർട്ടി അനുവർത്തിച്ചിട്ടില്ലാത്ത ഒരു നയം കോൺഗ്രസിന് വേണം എന്നു പറയുന്ന കാര്യത്തിൽ എന്ത് ധാർമികമായ അവകാശമാണുള്ളത്.' - അദ്ദേഹം ചോദിച്ചു.

കോൺഗ്രസിന്റെ തലപ്പത്തെത്തിയ മുസ്‌ലിം നേതാക്കളെയും ചർച്ചയിൽ കാരശ്ശേരി എടുത്തു പറഞ്ഞു. '1939ൽ കെപിസിസിയുടെ പ്രസിഡണ്ടായി മുഹമ്മദ് അബ്ദുറഹിമാൻ. 1940ൽ പികെ മൊയ്തീൻ കുട്ടി പ്രസിഡണ്ടായി. മന്ത്രി മുഹമ്മദ് റിയാസിന്റെ വല്ല്യുപ്പ, പികെ മുഹമ്മദിന്റെ അനിയനാണ് പി.കെ മൊയ്തീൻ കുട്ടി. പിന്നീട് ടി.ഒ ബാവ പ്രസിഡണ്ടായി. ഈയടുത്ത് എംഎം ഹസൻ പ്രസിഡണ്ടായി. ഇങ്ങനെ സിപിഎമ്മിന് പാർട്ടി സെക്രട്ടറിയായി ഒരു തവണ പോലും മുസ്‌ലിമിന്റെ പേരു പറയാനില്ല. അതാലോചിക്കണം. വിഎ സെയ്തു മുഹമ്മദ് 1975-77 കാലത്ത് ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ കേന്ദ്രനിയമ മന്ത്രിയായിരുന്നു. അവരെല്ലാം രാഷ്ട്രീയ നേതാക്കൾ മാത്രമാണ്.' - അദ്ദേഹം ചൂണ്ടിക്കാട്ടി. 

'യുഡിഎഫിന് പ്രസക്തി നഷ്ടപ്പെട്ടു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം എങ്ങനെയാണ് അതു പറയുന്നത്. യുഡിഎഫിന്റെ ക്രിയാത്മകമായ സഹകരണം ഞങ്ങൾ അഭ്യർത്ഥിക്കുന്നു എന്നാണ് അദ്ദേഹം പറയേണ്ടിയിരുന്നത്. ഇപ്പോൾ സമസ്തയെ കൂട്ടുപിടിച്ച് ലീഗിന് അകത്ത് കുഴപ്പമുണ്ടാക്കാനുള്ള പണികൾ അവരെടുക്കുന്നുണ്ട്. കോൺഗ്രസിന് അകത്തും പുറത്തുമുള്ള മുസ്‌ലിംകളെ കോൺഗ്രസിന് എതിരാക്കി മാറ്റുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിന്റെ ഉദ്ദേശ്യം രണ്ടാണ്. ഒന്ന്, കെ റെയിൽ വിരുദ്ധ സമരത്തിൽ ഒരു വിള്ളലുണ്ടാക്കുക. രണ്ട്, അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് ഒത്തുപോകുന്ന പണി ഞങ്ങൾക്ക് പറ്റില്ല എന്ന് കേരളത്തിന് പുറത്തുള്ള പാർട്ടിക്കാരെ കൂടി അറിയിക്കുക.'- കാരശ്ശേരി പറഞ്ഞു. 

Full View

മത വർഗീയത പറഞ്ഞ് വിള്ളലുണ്ടാക്കുന്നത് ഒരു പാർട്ടിക്കും ഭൂഷണമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'സിപിഎം പശ്ചിമബംഗാളിലോ ത്രിപുരയിലോ കേരളത്തിലോ ഒരു മുഖ്യമന്ത്രിയെയോ സംസ്ഥാന സെക്രട്ടറിയെയോ മുസ്‌ലിം വിഭാഗത്തിൽനിന്ന് ഉൽപ്പാദിപ്പിച്ചിട്ടില്ല. മത വർഗീയത പറഞ്ഞ് വിള്ളലുണ്ടാക്കുക എന്നത് ഒരു പാർട്ടിക്കും ഭൂഷണമല്ല, പ്രത്യേകിച്ചും സിപിഎമ്മിന്. ബിജെപിക്ക് ഒരേയൊരു ബദൽ കോൺഗ്രസാണ് എന്നൊന്നും പറയുന്നില്ല. എന്നാൽ പ്രധാനപ്പെട്ട പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസ് വിരോധം മാറ്റിവച്ച അനുഭവം സിപിഎമ്മിനുണ്ട്. എകെ ആന്റണിയുടെ കോൺഗ്രസിന്റെ കൂടെ കേരളത്തിൽ സിപിഎം ഭരിച്ചിട്ടുണ്ട്. പശ്ചിമബംഗാളിൽ ജ്യോതിബസു ബംഗ്ലാ കോൺഗ്രസിന്റെ കൂടെ ഭരിച്ചിട്ടുണ്ട്. ഒരു കാലത്ത് ഗാന്ധിയെ അംഗീകരിക്കാത്ത കൂട്ടരായിരുന്നു സിപിഐ. നെഹ്‌റുവിനെയും അംബേദ്കറെയും അന്ന് അംഗീകരിച്ചിരുന്നില്ല. ഇന്ന് അംഗീകരിക്കുന്നു.' - അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News