നാർക്കോട്ടിക് ജിഹാദ് പരാമർശം; പാലാബിഷപ്പിനെതിരെ കേസെടുത്തു
സെപ്റ്റംബർ 8നാണ് കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയിൽ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദപ്രസംഗം
നാർക്കോട്ടിക് ജിഹാദ് പരാമാർശത്തിൽ പാലാബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസ് എടുത്തു. കുറുവിലങ്ങാട് പൊലീസാണ് പാലാ മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരം കേസ് എടുത്തത്. കുറുവിലങ്ങാട് പള്ളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്. മതസ്പർധ വളർത്തുന്നത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്.
ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് മൗലവി, അഡ്വ. കെ എൻ പ്രശാന്ത്, അഡ്വ. സി പി അജ്മൽ എന്നിവർ നൽകിയ ഹർജിയിലാണ് കുറവിലങ്ങാട് പൊലിസിനോട് അന്വേഷണം നടത്തി റിപോർട്ട് സമർപ്പിക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. സപ്തംബർ 24നാണ് ഇതുസംബന്ധിച്ച് അബ്ദുൽ അസീസ് മൗലവി കേസെടുക്കണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ, പൊലിസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് എസ്പിക്കും പരാതി നൽകിയിരുന്നു.
സെപ്റ്റംബർ 8നാണ് കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയിൽ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദപ്രസംഗം. കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവെച്ചുകൊണ്ട് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങൾ കേരളത്തിൽ പലയിടത്തായി പ്രവർത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധംചെയ്യാനാവാത്ത സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളതെന്നുമായിരുന്നു ബിഷപ്പിന്റെ പ്രസംഗം.
മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും.
ലോകത്തിൽ നീതിയും സമാധാനവും ഇസ്‌ലാം മതവും സ്ഥാപിക്കാൻ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണ് ചുരുക്കം ചില ഗ്രൂപ്പുകൾ ഉയർത്തുന്നത്. വർഗീയതയും വിദ്വേഷവും വെറുപ്പും മതസ്പർദ്ധയും അസഹിഷ്ണുതയും വളർത്താൻ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികൾ ലോകമെമ്പാടും ഉണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.