സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര സംഘം ഇന്നെത്തും
അതേസമയം തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കേസുകൾ ഇരുപതിനായിരത്തിന് മുകളിലായത് ആശങ്ക ഉയർത്തുന്നു
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് എത്തും. രോഗവ്യാപനം രൂക്ഷമായ 10 ജില്ലകളിലാണ് സംഘം സന്ദർശനം നടത്തുക. അതേസമയം തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കേസുകൾ ഇരുപതിനായിരത്തിന് മുകളിലായത് ആശങ്ക ഉയർത്തുന്നു.
ആറംഗ കേന്ദ്ര സംഘമാണ് ഇന്ന് സംസ്ഥാനത്ത് എത്തുന്നത്. സംഘം രണ്ടായി തിരിഞ്ഞ് രോഗവ്യാപനം കൂടിയ 10 ജില്ലകളിൽ സന്ദർശനം നടത്തും. കൊല്ലം, ആലപ്പുഴ ജില്ലകൾ നാളെ സന്ദർശിക്കും. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതി വിലയിരുത്തും. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് വിദഗ്ധസംഘം കേന്ദ്രത്തിന് റിപ്പോർട്ട് നൽകും.
രാജ്യത്തെ പ്രതിദിന രോഗബാധിതരിൽ പകുതിയിലേറെയും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. തുടർച്ചയായി മൂന്നാം ദിവസവും ഇരുപതിനായിരത്തിന് മുകളിലാണ് കോവിഡ് കേസുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13ന് മുകളിലേയ്ക്ക് ഉയർന്നു. അടുത്ത മൂന്നാഴ്ച രോഗവ്യാപനം രൂക്ഷമായി തുടരുമെന്നാണ് വിലയിരുത്തൽ.