റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പത്തനംതിട്ട സ്വദേശിനി തൃശൂരില്‍ അറസ്റ്റില്‍
ഒരുകോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റില്‍. പത്തനംതിട്ട കുളനട സ്വദേശിനി കലയെയാണ് തൃശൂരില്‍ നിന്ന് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പല ജില്ലകളില്‍ നിന്നായി ഇവര്‍ ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ അമ്പത്തിനാലുകാരിയായ കല തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. തിരുവനന്തപുരം വെമ്പായത്ത് തമസിക്കുന്നതിനിടെയാണ് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരുലക്ഷം രൂപയും പതിനഞ്ച് പവന്‍ സ്വര്‍ണവും തട്ടിയെടുത്തത്. ഇതിന് ശേഷം അഞ്ച് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. ഇക്കാലയളവില്‍ മറ്റ് പലരില്‍ നിന്നുമായി ഒരുകോടിയോളം രൂപ തട്ടിയെടുത്തതായും പൊലീസ് കണ്ടെത്തി. 2012ല്‍ തട്ടിപ്പ് തുടങ്ങിയ കലയ്ക്കെതിരെ 2017ലായിരുന്നു പൊലീസില്‍ ആദ്യം പരാതിയെത്തിയത്. ഈ കേസ് അന്വേഷണത്തിലാണ് കലയുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നത്.
കണ്‍സ്ട്രക്ഷന്‍ ജോലി, റിയല്‍ എസ്റ്റേറ്റ് തുടങ്ങി പല പേരുകളില്‍ ഇവര്‍ തട്ടിപ്പ് നടത്തി. ഉയര്‍ന്ന ജോലിയില്‍ നിന്ന് വിരമിച്ച ആളുകളെ കൂട്ടുപിടിച്ച് ബന്ധം സ്ഥാപിച്ചശേഷം ഇവരില്‍ നിന്നും പണം അപഹരിച്ചിരുന്നു. ചാലക്കുടിയില്‍ നിന്നാണ് കലയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യാ ഗോപിനാഥിന്‍റെ നേതൃത്വത്തില്‍, ഡി.വൈ.എസ്.പി സുള്‍ഫിക്കറാണ് പ്രതിയെ അറസ്റ്റ് പിടികൂടിയത്.