"കണ്ണൂര്‍ എഡിഎമ്മിന്റേത് സിപിഎം നടത്തിയ കൊലപാതകം" - ചെന്നിത്തല

തെളിവുണ്ടെങ്കില്‍ സര്‍ക്കാരിന് പരാതി നല്‍കി കര്‍ശന നടപടി എടുപ്പിക്കാം എന്നിരിക്കെയാണ് വിരമിക്കാറായ ഒരു മനുഷ്യനെ പരസ്യമായി അപമാനിച്ച് മരണത്തിലേക്ക് തള്ളിവിട്ടതെന്നും ചെന്നിത്തല.

Update: 2024-10-15 10:11 GMT
Editor : André | By : Web Desk
Advertising

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം പത്തനംതിട്ട സ്വദേശി നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയല്ല, സിപിഎം നേതൃത്വത്തില്‍ പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകമാണെന്ന്  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്നത് കൊലപാതകം തന്നെയാണ്. വിരമിക്കാന്‍ വെറും ഏഴു മാസം ബാക്കിയുണ്ടായിരുന്ന ഒരു മനുഷ്യനെയാണ് വ്യക്തിവിരോധത്തിന്റെ പേരില്‍ ഇത്തരത്തില്‍ അപമാനിച്ച് മരണത്തിലേക്ക് തള്ളിയിട്ടത്. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ജീവനക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി ഏതു അഴിമതിയും നടത്തിയെടുക്കുന്ന പരിപാടിയാണ് കേരളത്തിലാകെ സിപിഎം നടപ്പാക്കുന്നത്. അതിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ കടുത്ത പീഢനങ്ങള്‍ക്കു വിധേയരാക്കി പലരെയും മരണത്തിലേക്കു തള്ളിവിടുന്ന പ്രവണത ഇവര്‍ പിന്തുടരുന്നു. ഇത് അംഗീകരിക്കാനാവില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് വളരെ ഗൗരവമുള്ള കാര്യമാണ്.

എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിലേക്കു കടന്നു വന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചത്. അതും താന്‍ ശുപാര്‍ശ ചെയ്ത ഒരു കാര്യം അന്നു സമയത്തിനു ചെയ്തില്ല എന്ന ആരോപണം കൂടി ഉന്നയിച്ച്.

ഏതെങ്കിലും വിഷയത്തില്‍ അഴിമതി ഉണ്ടെങ്കില്‍ അതിനെ കൈകാര്യം ചെയ്യാന്‍ എത്രയേ നിയമപരമായ വഴികളുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതിയുണ്ടെങ്കില്‍ വിജിലന്‍സിന് പരാതി കൊടുക്കാം. വ്യക്തമായ തെളിവുണ്ടെങ്കില്‍ സര്‍ക്കാരിന് പരാതി നല്‍കി കര്‍ശന നടപടി എടുപ്പിക്കാം എന്നതടക്കമുള്ള വഴികള്‍ മുന്നിലുള്ളപ്പോഴാണ് വിരമിക്കാറായ ഒരു മനുഷ്യനെ പരസ്യമായി അപമാനിച്ച് അയാളെ മരണത്തിലേക്കു തള്ളിവിടുന്ന നടപടി ഉന്നതമായ ഭരണഘടനാചുമതല വഹിക്കുന്ന ഒരാള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ മറ്റൊരു രൂപമാണ്. ഇത് ആത്മഹത്യയല്ല, നരഹത്യയാണ്. സിപിഎമ്മില്‍ അല്‍പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ തല്‍സ്ഥാനത്തു നിന്നു പുറത്താക്കി പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News