രാജ്യത്ത് സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഭീഷണി നേരിടുന്നു: മുഖ്യമന്ത്രി
കോർപ്പറേറ്റുകളുടെ ലാപ്പ്ഡോഗായി മാധ്യമങ്ങൾ മാറിയെന്ന് മുഖ്യമന്ത്രി
ലോകത്ത് സ്വതന്ത്ര മാധ്യമ പ്രവർത്തനം ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന രാജ്യമാണ് ഇന്ത്യയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കാലത്ത് ധീരതയുടെയും നിർഭയത്വത്തിന്‍റേയും പ്രതീകമായിരുന്നു ഇന്ത്യൻ മാധ്യമങ്ങൾ എന്നും എന്നാല്‍ ഇന്ന് അതിൽ പലതും അധികാരികളുടെ കുഴലൂത്തുകാരായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന മാധ്യമപുരസ്കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല വിഷയങ്ങളിലും ഭരണകൂടത്തിന്‍റെ വാക്കുകൾക്കപ്പുറത്തേക്ക് പോകേണ്ട എന്ന് മാധ്യമങ്ങൾ തീരുമാനിച്ചു. കോർപ്പറേറ്റുകളുടെ ലാപ്പ്ഡോഗായി മാധ്യമങ്ങൾ മാറി. കേരളത്തിലും മാധ്യമങ്ങൾക്ക് പക്ഷപാതം ഉണ്ട്. ആരോഗ്യകരമായ സംവാദങ്ങളിലല്ല വിവാദങ്ങളിലാണ് ഇക്കൂട്ടർക്ക് താൽപര്യം. ജനകീയ വിഷയങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കണമെന്നും മാധ്യമങ്ങളുടെ രാഷ്ട്രീയം മൂലധനരാഷ്ട്രീയമായി മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളിലുളള വിശ്വാസക്കുറവ് സാമൂഹ്യ മാധ്യമങ്ങളുടെ വളർച്ചക്ക് കാരണമായെന്നും ജനാധിപത്യത്തിലെ തിരുത്തൽ ശക്തിയായി മാധ്യമങ്ങൾ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.