'ഫയൽ നീക്കത്തിന് വേഗത പോര'; ഉന്നത ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ വിമർശനം

'മന്ത്രിസഭ വേഗത്തിൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ഫയൽ നീക്കം പരാജയപ്പെടുന്നു'

Update: 2023-04-19 11:32 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ഫയൽ നീക്കത്തിൽ സർക്കാർ പ്രതീക്ഷിച്ച നീക്കം കൈവരിക്കാത്തതിൽ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. ഫയൽ നീക്കത്തിന് വേഗത പോരെന്നും അമ്പത് ശതമാനം ഫയലുകൾ മാത്രമാണ് കെട്ടിക്കിടന്നവയിൽ തീർപ്പാക്കാൻ കഴിഞ്ഞതെന്നും അണ്ടർ സെക്രട്ടറിമാർ വരെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രി വിമർശിച്ചു . ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഒരു ഫയൽ മരിക്കുമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

ഫയൽ നീക്കം വേഗത്തിലാക്കാൻ വേണ്ടിയുള്ള കർമ്മപദ്ധതികൾ സംസ്ഥാനസർക്കാർ പല ഘട്ടങ്ങളിൽ ആസുത്രണം ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും വേണ്ട രീതിയിൽ ഫലപ്രാപ്തിയിൽ എത്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനത്തിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.

സർക്കാർ രണ്ടാം വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് സെക്രട്ടറേയറ്റിലെ അണ്ടർ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്. ഫയൽ നീക്കത്തിന് വേഗത പോരെന്ന് മുഖ്യമന്ത്രി യോഗത്തിൽ തുറന്നടിച്ചു. മന്ത്രിസഭ ഒരുപാട് കാര്യങ്ങൾ വേഗത്തിൽ ചെയ്യാൻ ശ്രമിക്കുന്നുണ്ട്..എന്നാൽ ഫയൽ നീക്കത്തിൽ ആ ശ്രമം പരാജയപ്പെടുകയാണ്,കഴിഞ്ഞ ഏഴ് വർഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നതെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. സെക്രട്ടറിയേറ്റിൽ അമ്പത് ശതമാനം ഫയലുകൾ മാത്രമാണ് കെട്ടിക്കിടന്നവയിൽ തീർപ്പാക്കാൻ കഴിഞ്ഞത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ആദ്യം അധികാരമേറ്റപ്പോൾ പറഞ്ഞ വാചകങ്ങൾ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു.

നിങ്ങൾ വിചാരിച്ചാൽ ഒരു ഫയൽ മരിക്കുമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞ മുഖ്യമന്ത്രി ഫയൽ ജീവിപ്പിക്കാൻ ആവശ്യമായ പോസിറ്റീവ് സമീപനമാണ് വേണ്ടതെന്നും പറഞ്ഞു. കെ.എ.എസ് ഉദ്യോഗസ്ഥർ സെക്രട്ടറിയേറ്റിലേക്ക് എത്തുന്നതോടെ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കു വെച്ചു.

കേന്ദ്രവിഷ്‌കൃത പദ്ധതികളുടെ നോഡൽ ഓഫീസർമാർ യൂട്ടിലിട്ടി സർട്ടിഫിക്കറ്റ് സമയത്ത് നൽകാത്തത് മൂലം ഫണ്ട് കിട്ടുന്നതിന് തടസ്സമുണ്ടാകുന്നുണ്ട്..ഈ വീഴ്ച ഉദ്യോഗസ്ഥർ പരിഹരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News