അച്ചടക്ക നടപടി; എന്‍.പ്രശാന്തിന് ചീഫ് സെക്രട്ടറി മറുപടി നൽകി
കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകുകയാണ് പ്രശാന്ത് ആദ്യം ചെയ്യേണ്ടതെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: എന്‍. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെന്‍ഷന്‍ 120 ദിവസത്തേക്ക് നീട്ടി. റിവ്യൂ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നല്‍കിയ ശേഷം രേഖകള്‍ പരിശോധിക്കാമെന്ന് കാട്ടി പ്രശാന്തിന്‍റെ കത്തിന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മറുപടി നല്‍കി. അതിനിടെ കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ബി.അശോക് ഐഎഎസിന് കടുത്ത അതൃപ്തിയുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
അഡീഷണൽ ചീഫ് സെക്രട്ടറിയെ ജയതിലകിനെയും കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശിച്ചു എന്നതിന്‍റെ പേരിലാണ് എൻ. പ്രശാന്ത് ഐഎഎസിനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എൻ പ്രശാന്ത് ഐഎഎസിന് കുറ്റാരോപിത മെമ്മോ നൽകിയിരുന്നു.ഇതിനു മറുപടി നൽകാതെ ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് രണ്ട് കത്തുകൾ നൽകി. തനിക്കെതിരെ ആരാണ് പരാതി നൽകിയത് ,തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിന്‍റെ സ്ക്രീൻഷോട്ട് ആരാണ് എടുത്തത് തുടങ്ങി 7 ചോദ്യങ്ങൾ ആയിരുന്നു പ്രശാന്ത് ഉന്നയിച്ചത് .ഇതിനു മറുപടി നൽകിയശേഷം കുറ്റാരോപിത മെമ്മോയ്ക്ക് മറുപടി നൽകാമെന്ന നിലപാടാണ് പ്രശാന്ത് സ്വീകരിച്ചത്.
എന്നാൽ പ്രശാന്തിന്‍റെ ഈ നിലപാടാണ് സസ്പെൻഷൻ നീട്ടാൻ കാരണമായത്. കുറ്റാരോപിത മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നൽകിയിട്ടില്ലെന്ന വാദമുയർത്തി റിവ്യൂ കമ്മിറ്റി 120 ദിവസത്തേക്ക് സസ്പെൻഷൻ നീട്ടി. റിവ്യൂ കമ്മിറ്റി തീരുമാനത്തിന് പിന്നാലെ ചീഫ് സെക്രട്ടറി എൻ. പ്രശാന്തിന് മറുപടി നൽകി. ചാർജ് മെമ്മോയ്ക്ക് മറുപടി നൽകുകയാണ് ആദ്യം വേണ്ടത്.അതിനുശേഷം രേഖകൾ പരിശോധിക്കാൻ പ്രശാന്തിന് അവസരം ഉണ്ടാകും.
ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് എന്ത് രേഖയും പരിശോധിക്കണമെന്നും കുറ്റാരോപിത മെമ്മോയ്ക്ക് 15 ദിവസത്തിനകം മറുപടി നൽകണമെന്നും ചീഫ് സെക്രട്ടറി കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി തദ്ദേശ പരിഷ്കരണ കമ്മീഷൻ ആയി നിയമിച്ചതിൽ ബി അശോകിന് കടുത്ത അതൃപ്തിയുണ്ട്.കൃഷിമന്ത്രി പോലും അറിയാതെയാണ് നിയമനം എന്നാണ് പുറത്തുവരുന്ന വിവരം.തന്‍റെ അതൃപ്തി സർക്കാരിനെയും ബി. അശോക് ഔദ്യോഗികമായി അറിയിച്ചേക്കും .
സസ്പെൻഷൻ പിൻവലിച്ചെങ്കിലും ഗോപാലകൃഷ്ണന് എതിരായ വകുപ്പുതല പരിശോധങ്ങൾ തുടരുമെന്നാണ് സർക്കാർ വൃത്തങ്ങള്‍ പറയുന്നത്.സർവീസിൽ തിരിച്ചെടുക്കുന്നത് വകുപ്പ് തല അന്വേഷണത്തെ തടസ്സപ്പെടുത്തിലെന്നാണ് ചീഫ് സെക്രട്ടറി തല കമ്മിറ്റി വിലയിരുത്തിയത്. ഹിന്ദു ഐഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തതിൽ വാട്സാപ്പിൽ നിന്ന് കുറച്ചു വിവരങ്ങൾ കൂടി കിട്ടാനുണ്ടെന്നാണ് സർക്കാർ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.