ഡാഷ് ബോർഡ് സംവിധാനത്തിൽ ചീഫ് സെക്രട്ടറിക്ക് നേരത്തെ തന്നെ അതൃപ്തി; രേഖകള്‍ പുറത്ത്
2021 നവംബർ 26 ലെ സെക്രട്ടറിതല യോഗത്തിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം ചൂണ്ടികാട്ടിയത്
തിരുവനന്തപുരം: സംസ്ഥാനത്തെ ഡാഷ് ബോർഡ് സംവിധാനത്തിൽ ചീഫ് സെക്രട്ടറിക്ക് നേരത്തെ തന്നെ അതൃപ്തി. 2021 നവംബർ 26 ലെ സെക്രട്ടറിതല യോഗത്തില്‍ ചീഫ് സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന രേഖകൾ പുറത്ത് വന്നു. യോഗത്തിന്റെ മിനിട്‌സിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ഗുജറാത്തിലെ ഡാഷ്‌ബോർഡ് സംവിധാനത്തെകുറിച്ച് പഠിക്കാനായി ചീഫ് സെക്രട്ടറി പോയതിന് പിന്നാലെയാണ് നേരത്തെ നടന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ഇതിനെ കുറിച്ച് ചീഫ് സെക്രട്ടറി നടത്തിയ വിലയിരുത്തലുകളെ കുറിച്ച് പുറത്ത് വന്നിരിക്കുന്നത്.
കേരളത്തിൽ 278 സേവനങ്ങൾക്ക് ഡാഷ്‌ബോഡ് ഉണ്ട്. ഇതില്‍ 75 ഡാഷ് ബോർഡുകൾ മാത്രമാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നതെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പോർട്ടലുമായി ബന്ധപ്പെട്ട ചില പരമാർശങ്ങളും അന്നത്തെ യോഗത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പോർട്ടൽ വേണ്ടത്ര കാര്യക്ഷമമല്ല എന്നായിരുന്നു അന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. മറ്റു ചില വകുപ്പുകളുടെ സോഫ്റ്റ് വെയർ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം എന്നും ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തിന്റെ ഡാഷ്‌ബോർഡുകളുടെ പ്രവർത്തനം പൂർണതോതിലല്ല എന്ന നിലപാട് നേരത്തെ തന്നെയുണ്ടായിരുന്നു എന്നാണ് ഈ മിനിട്‌സിൽ നിന്ന് വ്യക്തമാകുന്നത്.