ആലപ്പുഴ പ്രകോപന മുദ്രാവാക്യ കേസിൽ കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല: എസ് പി ജി ജയദേവ്

സംഭവത്തിന്റെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയാണെന്നും മനപ്പൂർവം പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചതാണോ എന്ന് പരിശോധിക്കുന്നുണ്ടെന്നും എസ്പി

Update: 2022-05-24 05:56 GMT
Advertising

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രകോപന മുദ്രാവാക്യം വിളിച്ച കേസിൽ കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആലപ്പുഴ എസ്പി ജി ജയദേവ്. കുട്ടിയെ റാലിക്ക് കൊണ്ടുവന്ന ഈരാറ്റുപേട്ട സ്വദേശി അൻസാർ നിലവിൽ കസ്റ്റഡിയിലാണുള്ളത്. സംഭവത്തിന്റെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയാണെന്നും മനപ്പൂർവം പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചതാണോ എന്ന് പരിശോധിക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു. വിഷയത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും എസ്പി ജി ജയദേവ് അറിയിച്ചു.

ആലപ്പുഴയിൽ നടന്ന റാലിയിൽ പ്രകോപന മുദ്രാവാക്യം മുഴക്കിയതിന് പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനെ തുടർന്നാണ് പ്രസിഡൻറിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറി മുജീബ്, പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവർ ഒന്നും രണ്ടും പ്രതികളായാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. എട്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മതസ്പർധ വളർത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നാണ് എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നത്.

കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ശനിയാഴ്ച നടന്ന റാലിയിൽ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലെടുത്തത് ഇയാളായിരുന്നു. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ആലപ്പുഴയിൽ നിന്നെത്തിയ പൊലീസ് സംഘം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഈരാറ്റുപേട്ടയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാത്രി 11 മണിയോടെ ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

നേരത്തെ കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചതെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം. റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടിൽ ആലപ്പുഴയിൽ നടന്ന ജനമഹാ സമ്മേളനത്തിൽ കുട്ടി മുഴക്കിയ മുദ്രാവാക്യമാണ് വിവാദമായത്. അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യം എന്നായിരുന്നു പരാതി. സമ്മേളനത്തിൽ വിളിക്കേണ്ട മുദ്രാവാക്യങ്ങൾ എഴുതി നൽകിയിരുന്നുവെന്നും അതല്ല കുട്ടി വിളിച്ചതെന്നുമാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം.

Child not identified in Alappuzha provocation slogan case: SPG Jayadev

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News