ചിത്തരഞ്ജൻ എം.എൽ.എ കയറിയ ഹോട്ടലിലെ അപ്പത്തിനും മുട്ടറോസ്റ്റിനും വില കുറച്ചു

സിംഗിൾ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നത് 10 രൂപ കുറച്ച് 40 രൂപയാക്കി. ഒരു അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്നത് കുറച്ച് 10 രൂപയാക്കിയതായും ഹോട്ടൽ ഉടമ അറിയിച്ചു.

Update: 2022-04-07 04:14 GMT
Editor : rishad | By : Web Desk
Advertising

ആലപ്പുഴ: ഫാനിന്റെ സ്പീഡ് കൂട്ടിയാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ളൊരു അപ്പത്തിന് 15 രൂപ ഈടാക്കിയെന്ന് പിപി ചിത്തരഞ്ജൻ എം.എൽ.എ പരാതി പറഞ്ഞ ആലപ്പുഴ കണിച്ചുകുളങ്ങരയിലുളള ഹോട്ടലിൽ അപ്പത്തിനും മുട്ടറോസ്റ്റിനും വില കുറച്ചു.

സിംഗിൾ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നത് 10 രൂപ കുറച്ച് 40 രൂപയാക്കി. ഒരു അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്നത് കുറച്ച് 10 രൂപയാക്കിയതായും ഹോട്ടൽ ഉടമ അറിയിച്ചു. അമിത വില ഈടാക്കിയെന്ന് കാണിച്ച് ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണു രാജിനാണ് ചിത്തരഞ്ജൻ എംഎൽഎ പരാതി നൽകിയിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമമില്ലാത്തതിനാൽ ഈ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് കലക്ടർ എംഎൽഎയെ അറിയിച്ചിരുന്നു.

പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഷയം വലിയ ചര്‍ച്ചയായി മാറി. എംഎല്‍എ ഭക്ഷണം കഴിച്ചതിന് പണം നല്‍കിയില്ലെന്നത് ഉള്‍പ്പെടെ ചര്‍ച്ചകളിലേക്ക് ഈ വിഷയം മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം ഹോട്ടല്‍ ഉടമകള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. 

കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവം എംഎൽഎ വിവരിച്ചത് ഇങ്ങനെ: 'ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നത്'.  

അതേസമയം എംഎൽഎയുടെ പരാതിക്ക് വിശദീകരണവുമായി ഹോട്ടൽ ഉടമ രംഗത്തെത്തിയിരുന്നു. തങ്ങളുടെ മുട്ടറോസ്റ്റിന് വ്യത്യാസമുണ്ടെന്നും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുമടക്കം ചേര്‍ത്തുണ്ടാക്കിയതാണെന്നാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണം. ഭക്ഷണത്തിന്റെ വിലയടക്കം ഓരോ മേശയിലും മെനു കാര്‍ഡുണ്ടെന്നും ഗുണനിലവാരത്തിന് ആനുപാതികമായ വിലയാണ് ഈടാക്കുന്നതെന്നും ഹോട്ടല്‍ വ്യക്തമാക്കി. അഞ്ചു അപ്പത്തിനും രണ്ടു മുട്ടക്കറിയ്ക്കും അമിതി വില ഈടാക്കിയെന്ന എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

Summary: Chitharanjan MLA Complaint Effect Alappuzha Hotel Reduces Price Of Appam And Egg Roast

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News