പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ നേതാക്കൾ; ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി സ്നേഹസമ്മാനം കൈമാറി
സൗഹാർദ സന്ദേശങ്ങൾക്ക് വർത്തമാന കാലത്ത് വലിയ പ്രാധാന്യമുണ്ടെന്ന് സാദിഖലി തങ്ങൾ
പാണക്കാട്: ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ മതനേതാക്കൾ. തങ്ങളുടെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. മലപ്പുറം ഫാത്തിമമാതാ ചർച്ചിലെ വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിലിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പാണക്കാടെത്തി സ്നേഹ സമ്മാനം കൈമാറിയത്.
ക്രിസ്ത്യൻ സമൂഹവുമായുള്ള പാണക്കാട് കുടുംബത്തിൻ്റെ ബന്ധം എടുത്തു പറഞ്ഞാണ് സംഘത്തെ സാദിഖലി തങ്ങൾ സ്വീകരിച്ചത്. സൗഹാർദ സന്ദേശങ്ങൾക്ക് വർത്തമാന കാലത്ത് വലിയ പ്രാധാന്യമുണ്ടെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. നാളെ കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കലിനെ സന്ദർശിക്കുമെന്നും സാദിഖലി തങ്ങൾ അറിയിച്ചു
മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു. മത സൗഹാർദത്തിൽ പാണക്കാട് കുടുംബം വഹിക്കുന്ന പങ്കും നേതാക്കൾ പറഞ്ഞു.