മധ്യകേരളത്തിൽ ക്രൈസ്തവരും വടക്കൻ കേരളത്തിൽ മുസ്‌ലിംകളും പൊതുസമ്പത്ത് വെട്ടിപ്പിടിച്ചു: വെള്ളാപ്പള്ളി നടേശൻ

"ഹൈന്ദവർ നേരിടുന്ന അസമത്വം ബോധ്യമാകണമെങ്കിൽ സാമൂഹ്യ, സാമ്പത്തിക സർവേ നടത്തണം"

Update: 2024-06-16 06:09 GMT
Editor : abs | By : abs
Advertising

കൊല്ലം: മധ്യകേരളത്തിൽ ക്രൈസ്തവരും വടക്കൻ കേരളത്തിൽ മുസ്‌ലിംകളും ചേർന്ന് പൊതുസമ്പത്ത് വെട്ടിപ്പിടിച്ചെന്ന ആരോപണവുമായി എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഐക്യജനാധിപത്യ മുന്നണി സർക്കാറുകളുടെ കാലത്താണ് ഇത് ശക്തി പ്രാപിച്ചത് എന്നും അദ്ദേഹം ആരോപിച്ചു. എസ്എൻഡിപി യോഗം മുഖപത്രമായ യോഗനാഥത്തിലെഴുതിയ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. എഡിറ്റോറിയൽ ഞായറാഴ്ചയിലെ കേരളകൗമുദി ദിനപത്രം പുനഃപ്രസിദ്ധീകരിച്ചു.

'കേരളത്തിൽ ന്യൂനപക്ഷ പ്രീണനം മുന്നണി രാഷ്ട്രീയം തുടങ്ങിയ കാലത്തുതന്നെ ആരംഭിച്ചതാണ്. മദ്ധ്യകേരളത്തിൽ ക്രൈസ്തവരും വടക്കൻ കേരളത്തിൽ മുസ്‌ളിങ്ങളും ചേർന്ന് പൊതുസമ്പത്ത് വെട്ടിപ്പിടിക്കുകയായിരുന്നു. വോട്ടുബാങ്കിന്റെ ബലത്തിൽ യു.ഡി.എഫ് ഭരണത്തിലാണ് ഇത് ശക്തിപ്രാപിച്ചത്. രണ്ടു വിഭാഗങ്ങളും സാമൂഹികമായും സാമ്പത്തികമായും ഉയർന്നു. ഭൂമി, വിദ്യാഭ്യാസം, അധികാരം, ആരോഗ്യം, കൃഷി, വ്യവസായം തുടങ്ങി സമസ്തമേഖലയിലും അരനൂറ്റാണ്ടിനിടെ ന്യൂനപക്ഷങ്ങൾ മേൽക്കൈ നേടിയതി?ന് നാം സാക്ഷ്യം വഹിച്ചു. പിന്നാക്ക, പട്ടികവിഭാഗങ്ങൾ കോളനികളിലേക്കും പുറമ്പോക്കുകളിലേക്കും തൊഴിലുറപ്പിലേക്കും ഒതുക്കപ്പെട്ടു. കുമരകം ബോട്ടു ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്തുകിട്ടിയെന്നും ബേപ്പൂർ ബോട്ടപകടത്തിൽ എന്തുനൽകിയെന്നും ഒന്നു വിലയിരുത്തിയാൽ മരണത്തിൽപ്പോലും സർക്കാരുകൾ കാണിച്ച മത, ദേശ വിവേചനം വ്യക്തമാണ്.' - വെള്ളാപ്പള്ളി എഴുതുന്നു.

ഇത്തരം അസമത്വങ്ങൾ തിരിച്ചറിയാൻ സാമൂഹ്യ-സാമ്പത്തിക സർവേ കൊണ്ടാകുമെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നുണ്ട്. 'കേരളത്തിൽ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന അസമത്വങ്ങളെക്കുറിച്ച് ബോദ്ധ്യമാകണമെങ്കിൽ ഇവിടെ ഒരു സാമൂഹ്യ, സാമ്പത്തിക സർവേ നടത്തുക തന്നെ വേണം. ഉന്നയിക്കപ്പെടുന്ന പരാതികളും ആരോപണങ്ങളും അപ്പോൾ വ്യക്തമാകും. ആധുനികലോകത്ത് കണക്കുകൾക്കും വസ്തുതകൾക്കുമാണ് വില. ഞാൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനുള്ള ഏകമാർഗം ഇതു മാത്രമാണ്. എന്നെയും സംഘടനയെയും പുലഭ്യം പറയുന്നത് നിറുത്തി സാമൂഹ്യ, സാമ്പത്തിക സർവേ നടത്താൻ അവർ ആവശ്യപ്പെടട്ടെ. എല്ലാ ന്യൂനപക്ഷ സംഘടനകളെയും രാഷ്ട്രീയ കക്ഷികളെയും ഞാൻ വെല്ലുവിളിക്കുന്നു.' - വെള്ളാപ്പള്ളി എഴുതി.

താൻ മുമ്പോട്ടുവച്ച് സാമൂഹ്യവിഷയമാണ് എന്നും അതു പറഞ്ഞപ്പോൾ തനിക്കെതിരെ കേസെടുക്കണമെന്നാണ് മുസ്‌ലിം നേതാക്കൾ പറയുന്നതെന്നും അദ്ദേഹം പറയുന്നു. 'കേരളത്തിലെ ഒരു സാമൂഹ്യവിഷയം മുന്നോട്ടുവച്ചപ്പോൾ ചില മുസ്‌ളിം നേതാക്കൾ തനിക്കെതിരെ കേസെടുക്കണമെന്നും ജയിലിൽ അടയ്ക്കണമെന്നും പ്രസ്താവനകളുമായി രംഗത്തുവന്നത് ഖേദകരമാണ്. പൊതുവേ മാന്യമായി സംസാരിക്കുന്ന ജംഇയ്യത്തുൽ ഉലമ നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ വരെ കടുത്ത വാക്കുകളുമായി പ്രതികരിച്ചത് ദൗർഭാഗ്യകരമായിപ്പോയി. സ്വന്തം മതക്കാരുടെ അനീതികൾക്കെതിരെ ആരോപണങ്ങൾ വന്നപ്പോൾ സൗമ്യതയൊക്കെ പമ്പ കടന്നു. കേരളത്തിലെ വർഗീയവാദികൾ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം. മതവെറിയും പരമത പരിഹാസങ്ങളും നിറഞ്ഞ പ്രഭാഷണങ്ങളും പ്രവർത്തനങ്ങളുമായി ലോകത്തെ ഏതെങ്കിലും കോണിലെ മതസംഘർഷങ്ങളുടെ പേരിൽ ഇവിടെ സൈ്വര്യജീവിതത്തിന് ഭീഷണിയുയർത്തുന്നവരാണോ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ?' - അദ്ദേഹം ചോദിച്ചു.

കേരളത്തിൽ ആകെയുള്ള ഒമ്പത് രാജ്യസഭാ സീറ്റിൽ അഞ്ചു പേരും മുസ്‌ലിംകളാണെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. 'ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് എൽ.ഡി.എഫ് രണ്ട് മുസ്‌ളിങ്ങളെയും യു.ഡി.എഫ് ഒരു ക്രിസ്ത്യാനിയെയും നോമിനേറ്റ് ചെയ്തതിലെ അനീതി ചൂണ്ടിക്കാണിച്ചതാണ് ഞാൻ ചെയ്ത പാതകം. കേരളത്തിൽ ആകെയുള്ളത് ഒമ്പത് രാജ്യസഭാ സീറ്റുകളാണ്. അതിൽ അഞ്ചുപേരും മുസ്‌ളിങ്ങളാണ്. രണ്ടുപേർ ക്രിസ്ത്യാനികളും. ജനസംഖ്യയുടെ പകുതിയിലേറെയുള്ള ഹിന്ദുക്കൾക്ക് രണ്ടുമുന്നണികളും കൂടി നൽകിയത് രണ്ടേ രണ്ട് സീറ്റുകളും. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുൻഗണന മതത്തിനാണ്. ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാർത്ഥികളാക്കുമ്പോൾ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാൻ ഇവർക്ക് ധൈര്യമില്ല.' - അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News