തൃക്കാക്കരയിൽ സഭാ നോമിനി വിവാദം വെല്ലുവിളിയാകുന്നു; വിവാദം അവസാനിപ്പിക്കാൻ ഇരുമുന്നണികളും
പ്രചാരണം സജീവമാകുന്നു.അവധി ദിനമായ ഇന്ന് പരമാവധി ആളുകളെ കാണാനുള്ള ശ്രമത്തില്‍ സ്ഥാനാർഥിമാർ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സഭാ നോമിനി വിവാദം ഇരു മുന്നണികൾക്കും ഒരു പോലെ വെല്ലുവിളിയാകുന്നു. ആലഞ്ചേരി വിരുദ്ധ വിഭാഗത്തിന്റെ നിലപാട് എൽ.ഡി.എഫിന് തലവേദനയാകുമ്പോൾ കോൺഗ്രസിനുള്ളിലെ തർക്കങ്ങളാണ് യുഡിഎഫിനെ കുഴയ്ക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥിയായ ജോ ജോസഫ് ആരുടെ നോമിനി എന്ന വിവാദത്തിൽ സഭയെ വലിച്ചിഴച്ചതാണ് ഇരുമുന്നണികൾക്കും തിരിച്ചടിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ആലഞ്ചേരിയുടെ നോമിനിയാണ് ജോ ജോസഫ് എന്ന് പ്രചരിച്ചതോടെ സഭയിലെ ഒരുവിഭാഗംശക്തമായി രംഗത്ത് വന്നു. ഇത് എൽ.ഡി.എഫിനെ ആശങ്കയിലാക്കുന്നുണ്ട്. ആലഞ്ചേരിവിരുദ്ധരുടെ വോട്ടുകൾ ഏകീകരിച്ചാൽ തിരിച്ചടിയുണ്ടായേക്കാമെന്ന് സി.പി.എമ്മും കരുതുന്നു. അതുകൊണ്ട് തന്നെ വിവാദം അവസാനിപ്പിക്കാനുള്ള സർവ ശ്രമങ്ങളും എൽ.ഡി.എഫ് ആരംഭിച്ചിട്ടുണ്ട്.
ജോ ജോസഫ് ആലഞ്ചേരിയുടെ നോമിനിയാണെന്ന പ്രചരണങ്ങൾക്ക് നേരെ യു.ഡി.എഫ് ആദ്യം മൗനം പാലിച്ചെങ്കിലും സഭാ വിവാദം എൽ.ഡി.എഫിനെതിരായ ആയുധമാക്കാൻ പ്രതിപക്ഷ നേതാവടക്കം ശ്രമിക്കുന്നുണ്ട്. എന്നാൽ സഭയെ അനാവശ്യമായി വലിച്ചിഴക്കുന്നത് ശരിയല്ലെന്ന് ചെന്നിത്തല പറഞ്ഞതോടെ യു.ഡി.എഫും വെട്ടിലായി. ചെന്നിത്തലയ്ക്ക് പിന്നാലെ മറ്റ് ചില നേതാക്കളും ഇതേ നിലപാട് സ്വീകരിച്ചതോടെ യു.ഡി.എഫും പ്രശ്‌നം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അതേസമയം സഭയെ ചൊല്ലി തർക്കം രൂക്ഷമായതോടെ ആരെ പിന്തുണയ്ക്കുമെന്നത് വ്യക്തമാക്കേണ്ടെന്ന നിലപാടിലാണ് സിറോ മലബാർ സഭ.
അതേ സമയം തൃക്കാക്കരയിൽ പ്രചാരണ രംഗം കൂടുതൽ സജീവമാക്കി മുന്നണികൾ. അവധി ദിനമായ ഇന്ന് പരമാവധി ആളുകളെ കാണാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥിമാർ. യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് പ്രധാനമായും ക്രിസ്ത്യൻ ദേവാലയങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ന് പ്രചാരണത്തിന് ഇറങ്ങുന്നത്. ക്രിസ്ത്യൻ വോട്ടുകൾ നിർണായകമാകുന്ന മണ്ഡലത്തിൽ പള്ളികളിൽ ചെന്നുള്ള വോട്ട് അഭ്യർത്ഥന ഗുണം ചെയ്യും എന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തൽ . തൃക്കാക്കര ഈസ്റ്റ്, കടവന്ത്ര, വൈറ്റില എന്നിവിടങ്ങളിലായിരിക്കും എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിൻറെ ഇന്നത്തെ പര്യടനം.