ആശമാരുടെ സ്ഥിതി ഇതരസംസ്ഥാന തൊഴിലാളികളേക്കാൾ മോശം; വിഷയം അനുഭാവപൂർവം പരിഗണിക്കണമെന്ന് കത്തോലിക്കാ ബാവ
'മഹാമാരിക്കാലത്ത് അവർ ചെയ്ത സേവനങ്ങൾ മലയാളിക്ക് മറക്കാനാകില്ല'.
കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്ന ആശാ വർക്കർർക്ക് ഐക്യദാർഢ്യവുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ. സർക്കാർ വിഷയം അനുഭാവപൂർവം പരിഗണിക്കണമെന്ന് കത്തോലിക്കാ ബാവ ആവശ്യപ്പെട്ടു.
നമ്മുടെ നാട്ടിലെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നൽകുന്ന വേതനം എത്രയെന്നറിയാം. അവരേക്കാൾ മോശം സാഹചര്യത്തിലൂടെയാണ് ആശമാർ കടന്നുപോകുന്നത്. മഹാമാരിക്കാലത്ത് അവർ ചെയ്ത സേവനങ്ങൾ മലയാളിക്ക് മറക്കാനാകില്ല. ഓരോ കുടുംബത്തിൻ്റെയും നട്ടെല്ലാണ് അവരെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കത്തോലിക്കാ ബാവയുടെ പ്രതികരണം.
കത്തോലിക്കാ ബാവയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നമ്മുടെ നാട്ടിൽ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വേതനം നമുക്ക് അറിയാം. അവരേക്കാൾ മോശം സാഹചര്യത്തിലൂടെയാണ് ആശാ വർക്കർമാർ കടന്നുപോകുന്നത്. മഹാമാരിക്കാലത്ത് അവർ ചെയ്ത സേവനങ്ങൾ മലയാളിക്ക് മറക്കാനാകില്ല. നമ്മുടെ നാട്ടിലെ ഒരു മിനി നഴ്സായിട്ടുപോലും ആശാ പ്രവർത്തകരെ കാണാം. സാമൂഹിക ജീവിതത്തിൽ അവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രത്യേകിച്ചും വീട്ടമ്മമാരാണ്, കുടുംബത്തിന്റെ വിഷമതകൾ മുഴുവൻ ഉള്ളിൽപ്പേറി ജീവിക്കുന്നവർ. ഓരോ കുടുംബത്തിന്റെയും നട്ടെല്ലാണ് അവർ. അതുകൊണ്ടുതന്നെ ആ സമരത്തെ അധികാരികൾ അനുഭാവപൂർവ്വം കാണണമെന്നാണ് സഭയുടെ നിലപാട്.