സിവിക് ചന്ദ്രന്‍ എവിടെയെന്ന് അറിയില്ല; ജാമ്യം റദ്ദാക്കിയ ഉത്തരവ് ലഭിച്ച ശേഷം തുടർനടപടിയെന്ന് പൊലീസ്
ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങാനാണ് സിവിക്കിന് ഹൈക്കോടതി നൽകിയ നിർദേശം
ലൈംഗികാതിക്രമ കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ലഭിച്ചതിന് ശേഷം തുടർനടപടികളിലേക്ക് കടക്കാൻ പൊലീസ്. ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങാനാണ് സിവിക്കിന് ഹൈക്കോടതി നൽകിയ നിർദേശം. ഈ മാസം 25ന് ശേഷം സിവിക് കീഴടങ്ങുമെന്നാണ് സൂചന. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യാപേക്ഷ നൽകിയാൽ എതിർ കക്ഷികളെ കേട്ട്, കഴിയുമെങ്കിൽ അന്നു തന്നെ തീരുമാനം എടുക്കണമെന്ന് കോടതി നിർദേശിച്ചു. സിവിക് എവിടെയാണെന്ന് അറിയില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെയാണ് സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍റെ ഉത്തരവ്. പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കീഴ്‍ക്കോടതിയുടെ കണ്ടെത്തലുകളിൽ പിഴവുകളുണ്ടെന്നും പട്ടികജാതി, പട്ടിക വർഗ അതിക്രമ നിരോധന നിയമം ബാധകമല്ലെന്ന ഉത്തരവ് നിലനിൽക്കില്ലെന്നും സർക്കാർ ഹരജിയിൽ ചൂണ്ടിക്കാട്ടി. ഈ വാദം കണക്കിലെടുത്താണ് ജാമ്യം റദ്ദാക്കിയത്.
പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിയോട് സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തുടര്‍ന്ന് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. സിവിക് ചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചപ്പോള്‍ പ്രായാധിക്യം പരിഗണിച്ച് ജാമ്യം നല്‍കുന്നുവെന്നാണ് കോഴിക്കോട് സെഷന്‍സ് കോടതി വ്യക്തമാക്കിയത്. പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടു കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ജഡ്ജിയുടെ 'ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രം' എന്ന പ്രയോഗം ഹൈക്കോടതി നീക്കംചെയ്യുകയും ചെയ്തു.