മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവം: പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് റെനീസിനെ അറസ്റ്റ് ചെയ്തത്
ആലപ്പുഴ: ആലപ്പുഴയിലെ പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെ അറസ്റ്റ് ചെയ്തു. സിവിൽ പൊലീസ് ഓഫീസർ റെനീസിനെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് റെനീസിനെതിരെ ചുമത്തിയത്.
ആലപ്പുഴയിലെ എ.ആർ ക്യാമ്പ് ക്വാർട്ടേഴ്സിൽ ഇന്നലെയാണ് റെനീസിന്‍റെ ഭാര്യ നജ്‍ലയെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മകൻ ടിപ്പു സുൽത്താനെ ശ്വാസം മുട്ടിച്ചും ഒന്നര വയസുകാരിയായ മകൾ മലാലയെ ബക്കറ്റിൽ മുക്കിയും കൊലപ്പെടുത്തിയ ശേഷം നജ്‍ല തൂങ്ങിമരിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന്റെ പീഡനം മൂലം നജ്‍ല ജീവനൊടുക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
നജ്‍ലയുടെ സഹോദരി നഫ്‍ലയാണ് പരാതിയുമായി രംഗത്തെത്തിയത്. നജ്‍ലയെ റെനീസ് ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്ന് നഫ്‍ല ആരോപിച്ചു. നജ്‍ലയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. മറ്റൊരു സ്ത്രീയുമായുള്ള റെനീസിന്റെ ബന്ധം ചോദ്യംചെയ്തപ്പോഴായിരുന്നു മര്‍ദനമെന്നും സഹോദരി പറഞ്ഞു. മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
റെനീസ് പൊലീസ് ഉദ്യോഗസ്ഥനായതിനാൽ അന്വേഷണം ശരിയായ രീതിയിൽ നടക്കുമോയെന്ന ആശങ്ക കുടുംബം പങ്കുവെച്ചിരുന്നു. സ്ത്രീ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് റെനീസിനെ അറസ്റ്റ് ചെയ്തത്.