മുസ്‌ലിംകൾക്കെതിരെ നിരന്തരം വംശീയത തുപ്പുന്ന വെള്ളാപ്പള്ളിയെ ആദരിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കരുത്: സോളിഡാരിറ്റി
എസ്എൻഡിപി ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയതിനാണ് ഏപ്രിൽ 11ന് ചേർത്തലയിൽ സ്വീകരണമൊരുക്കുന്നത്.
കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കരുതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. എസ്എൻഡിപി ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയതിനാണ് ഏപ്രിൽ 11ന് ചേർത്തലയിൽ സ്വീകരണമൊരുക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സ്വീകരണ പരിപാടിയിൽ ഇടത് പക്ഷ മന്ത്രിമാരുടെ നീണ്ട നിര തന്നെ പങ്കെടുക്കുന്നുണ്ട്. മലപ്പുറത്തെ മുൻനിർത്തി ഒരു സമുദായത്തിന് നേരെ വംശീയ വിദ്വേഷം തുപ്പിയ, മുസ് ലിം സമുദായത്തിന് നേരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന ഒരാളെ സ്വീകരിക്കാൻ ഭരണകൂടത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാതിരിക്കാനുള്ള മിനിമം മര്യാദയെങ്കിലും കാണിക്കണമെന്ന് തൗഫീഖ് പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പ്രശ്നം ഈഴവ സമുദായത്തിന്റെ അവകാശ സംരക്ഷണമാണെങ്കിൽ അതിന് വേണ്ടി മുസ്ലിം സമുദായം മുന്നിലുണ്ടാകും. അതല്ല, അതിന്റെ പേരിൽ സാമുദായിക വിദ്വേഷം ഉണ്ടാക്കി സംഘ്പരിവാറിന്റെ ദാസ്യപ്പണി ചെയ്യാനാണ് ശ്രമമെങ്കിൽ ആ വംശീയതയെ എന്ത് വില കൊടുത്തും ചെറുക്കുക തന്നെ ചെയ്യും.
ചരിത്രപരമായി സൗഹാർദത്തിന്റെ ഉദാത്ത മാതൃകകൾ കേരളത്തിന് സമ്മാനിച്ച രണ്ട് സമുദായങ്ങളാണ് ഈഴവ ജനതയും മുസ്ലിം സമൂഹവും. അപരവിദ്വേഷം പാടില്ല എന്ന് നിരന്തരം ഉദ്ഘോഷിച്ച ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ മുൻനിർത്തി രൂപം കൊണ്ട ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് വെറുപ്പിന്റെ പ്രചാരകനാകുന്ന വെള്ളാപ്പള്ളി ആ സ്ഥാനത്തിരിക്കാൻ ഒട്ടും യോഗ്യനല്ല എന്നാണ് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുന്നതെന്നും തൗഫീഖ് പ്രസ്താവനയിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
വെള്ളാപ്പള്ളി നടേശൻ വീണ്ടും മുസ്ലിം സമുദായത്തെ മുൻ നിർത്തി വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇടതു സർക്കാറിന്റെ നവോത്ഥാന സമിതിയുടെ അധ്യക്ഷനാകാനും സംഘ്പരിവാറിന്റെ വംശീയ പ്രചാരണങ്ങളുടെ മൊത്തക്കച്ചവടക്കാരനാകാനുമുള്ള പ്രത്യേക പ്രിവിലേജുള്ള ആളാണ് വെള്ളാപ്പള്ളി. നിരന്തരം പരാതി കൊടുത്താലും സർക്കാർ ഒരു നടപടിയും എടുക്കില്ല എന്ന സവിശേഷ സുരക്ഷാ കവചവും കൂടെയുണ്ട്.
വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ പറഞ്ഞ ' മലപ്പുറം പ്രത്യേക രാജ്യം' ' ചില പ്രത്യേക ആളുകളുടെ സംസ്ഥാനം' എന്ന വംശീയവും വിദ്വേഷം തുപ്പുന്നതുമായ പ്രസംഗം ഇസ്ലാമോഫോബിയല്ലാതെ മറ്റൊന്നുമല്ല എന്ന് അറിയാത്തതായി ആരുമുണ്ടാകില്ല. മുസ്ലിം സമുദായം ജനസംഖ്യാപരമായി ഏറെയുള്ള മലപ്പുറത്തെ കേന്ദ്രീകരിച്ച ഭീതി സൃഷ്ടിക്കുക എന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഇതെന്ന ബോധ്യമല്ലാത്ത ആളൊന്നുമല്ലല്ലോ വെള്ളാപ്പള്ളി . എന്നാൽ ഇത്തരം പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കുന്നില്ല എന്ന് മാത്രമല്ല, ഇത്തരം വംശീയവാദികളോടൊപ്പം വേദി പങ്കിടാൻ പോലും ഇടത് സർക്കാർ ഒരു മടിയും കാണിക്കുന്നില്ല എന്നതാണ് കാണാൻ കഴിയുന്നത്.
2025 ഏപ്രിൽ 11 ന് ചേർത്തല വെച്ച് എസ്.ൻ.ഡി.പി യോഗം വെള്ളാപ്പള്ളിക്ക് മൂന്ന് പതിറ്റാണ്ട് ജനറൽ സെക്രട്ടറി പദം പൂർത്തിയാക്കിയതിന്റെ പേരിൽ സ്വീകരണമൊരുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സ്വീകരണ പരിപാടിയിൽ ഇടത് പക്ഷ മന്ത്രിമാരുടെ നീണ്ട നിര തന്നെ പങ്കെടുക്കുന്നുണ്ട്. മലപ്പുറത്തെ മുൻനിർത്തി ഒരു സമുദായത്തിന് നേരെ വംശീയ വിദ്വേഷം തുപ്പിയ, മുസ്ലിം സമുദായത്തിന് നേരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന ഒരാളെ സ്വീകരിക്കാൻ ഭരണകൂടത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാതിരിക്കാനുള്ള മിനിമം മര്യാദയെങ്കിലും കാണിക്കണം.
വെള്ളാപ്പള്ളിയുടെ പ്രശ്നം ഈഴവ സമുദായത്തിന്റെ അവകാശ സംരക്ഷണമാണെങ്കിൽ അതിന് വേണ്ടി മുസ്ലിം സമുദായം മുന്നിലുണ്ടാകും. അതല്ല, അതിന്റെ പേരിൽ സാമുദായിക വിദ്വേഷം ഉണ്ടാക്കി സംഘ്പരിവാറിന്റെ ദാസ്യപ്പണി ചെയ്യാനാണ് ശ്രമമെങ്കിൽ ആ വംശീയതയെ എന്ത് വില കൊടുത്തും ചെറുക്കുക തന്നെ ചെയ്യും.
ചരിത്രപരമായി സൗഹാർദത്തിന്റെ ഉദാത്ത മാതൃകകൾ കേരളത്തിന് സമ്മാനിച്ച രണ്ട് സമുദായങ്ങളാണ് ഈഴവ ജനതയും മുസ്ലിം സമൂഹവും. അപരവിദ്വേഷം പാടില്ല എന്ന് നിരന്തരം ഉദ്ഘോഷിച്ച ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ മുൻനിർത്തി രൂപം കൊണ്ട ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് വെറുപ്പിന്റെ പ്രചാരകനാകുന്ന വെള്ളാപ്പള്ളി ആ സ്ഥാനത്തിരിക്കാൻ ഒട്ടും യോഗ്യനല്ല എന്നാണ് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുന്നത്.