'കാമ്പസുകളിൽ യുവതികളെ വര്‍ഗീയതയിലേക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമമില്ല': സിപിഎം കത്ത് തള്ളി മുഖ്യമന്ത്രി
പ്രഫഷനൽ കാമ്പസുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും നയിക്കാന്‍ ബോധപൂർവമായ ശ്രമങ്ങളുണ്ടെന്നായിരുന്നു സിപിഎം പരാമര്‍ശം
കാമ്പസുകളിൽ യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നെന്ന സിപിഎം റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്‍റലിജൻസ് മേധാവി ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
മത സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ വാർത്തകൾ നൽകി വർഗീയ കലാപം സൃഷ്ടിക്കാൻ ഓൺലൈൻ പോർട്ടലുകൾ ശ്രമിക്കുന്നുണ്ട്. ഇത് തടയാനായി രഹസ്യാന്വേഷണ വിഭാഗവും സൈബർ സെല്ലും പരിശോധന ശക്തമാക്കി. ഇത്തരം സംഭവങ്ങളിൽ ഓൺലൈൻ പോർട്ടലുകൾക്കെതിരെ കേസ് എടുത്തെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സിപിഎം സമ്മേളനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ കത്തിലായിരുന്നു സിപിഎം പരാമര്‍ശം. പ്രഫഷനൽ കാമ്പസുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങളുണ്ടെന്നായിരുന്നു പരാമര്‍ശം. കീഴ്ഘടകങ്ങളിൽ ആരംഭിച്ച സിപി.എം സമ്മേളനങ്ങളിൽ നേതാക്കൾക്ക് പ്രസംഗിക്കാൻ നൽകിയ കുറിപ്പിലായിരുന്നു ഈ പരാമർശം. വർഗീയതക്കെതിരായ പ്രചാരണങ്ങൾ മതവിശ്വാസത്തിനെതിരായി മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പരാമര്‍ശമുണ്ടായിരുന്നു.