'ഗുജറാത്ത് വംശഹത്യയിൽ ആ ജീവൻ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം, ഇന്നും നീതി കിട്ടിയിട്ടില്ല': ഇഹ്സാന്‍ ജഫ്രിയെ അനുസ്മരിച്ച് മുഖ്യമന്ത്രി
'സംഘപരിവാറിന്റെ ആക്രമണോത്സുക വർഗീയതയ്ക്കെതിരായുള്ള സാകിയയുടെ പോരാട്ടങ്ങൾക്കൊപ്പം ഐക്യപ്പെടാൻ മതനിരപേക്ഷ ഇന്ത്യയോട് ആഹ്വാനം ചെയ്യുന്നതാണ് ഇഹ്സാൻ ജഫ്രിയുടെ സ്മരണ'
തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജഫ്രിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഹ്സാൻ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നിയമ പോരാട്ടം തുടങ്ങിയിട്ട് 20 വർഷം കഴിഞ്ഞു. സാകിയയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല. സംഘപരിവാറിന്റെ ആക്രമണോത്സുക വർഗീയതയ്ക്കെതിരായുള്ള സാകിയയുടെ പോരാട്ടങ്ങൾക്കൊപ്പം ഐക്യപ്പെടാൻ മതനിരപേക്ഷ ഇന്ത്യയോട് ആഹ്വാനം ചെയ്യുന്നതാണ് ഇഹ്സാൻ ജഫ്രിയുടെ സ്മരണയെന്ന് മുഖ്യമന്ത്രി കുറിച്ചു.
2002 ഫെബ്രുവരി 28ന് സംഘപരിവാർ കലാപകാരികൾ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റി ആക്രമിച്ചപ്പോൾ ഇഹ്സാൻ ജഫ്രിയുടെ വീട്ടിലേക്കാണ് കോളനി നിവാസികൾ അഭയം തേടിയെത്തിയത്. പ്രാണരക്ഷാർത്ഥം തന്റെ വീട്ടിലേക്കോടിയെത്തിയവരെ രക്ഷിക്കാനായി ജഫ്രി ഫോണിലൂടെ അധികാര കേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും ചെറുവിരലനക്കാൻ ഭരണകൂടം തയ്യാറായില്ല. തുടർന്ന് സംഘപരിവാർ നടത്തിയ തീവെപ്പിൽ ജഫ്രിയുൾപ്പെടെ 69 പേർ ഗുൽബർഗ് സൊസൈറ്റിയിൽ വെന്തുമരിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
മുൻ കോൺഗ്രസ് എം.പി ഇഹ്സാൻ ജഫ്രിയുടെ ഓർമദിനമാണ് ഇന്ന്. ഗുജറാത്ത് വംശഹത്യയിൽ ആ ജീവൻ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു.
2002 ഫെബ്രുവരി 28ന് സംഘപരിവാർ കലാപകാരികൾ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റി ആക്രമിച്ചപ്പോൾ ഇഹ്സാൻ ജഫ്രിയുടെ വീട്ടിലേക്കാണ് കോളനി നിവാസികൾ അഭയം തേടിയെത്തിയത്. പ്രാണരക്ഷാർത്ഥം തന്റെ വീട്ടിലേക്കോടിയെത്തിയവരെ രക്ഷിക്കാനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും ചെറുവിരലനക്കാൻ ഭരണകൂടം തയ്യാറായില്ല. തുടർന്ന് സംഘപരിവാർ നടത്തിയ തീവെപ്പിൽ ജഫ്രിയുൾപ്പെടെ 69 പേർ ഗുൽബർഗ് സൊസൈറ്റിയിൽ വെന്തുമരിക്കുകയായിരുന്നു.
വംശഹത്യാക്കാലത്ത് ഗുജറാത്തിൽ അരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിച്ഛേദമാണ് ഗുൽബർഗ് സൊസൈറ്റിയിൽ കണ്ടത്.
ഈ നരമേധത്തിന് നേതൃത്വം നൽകിയവർക്കെതിരെ ഇഹ്സാൻ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നിയമപോരാട്ടം തുടങ്ങിയിട്ട് 20 വർഷം കഴിഞ്ഞിരിക്കുന്നു. സാകിയയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല. സംഘപരിവാറിന്റെ ആക്രമണോത്സുക വർഗീയതയ്ക്കെതിരായുള്ള സാകിയയുടെ പോരാട്ടങ്ങൾക്കൊപ്പം ഐക്യപ്പെടാൻ മതനിരപേക്ഷ ഇന്ത്യയോട് ആഹ്വാനം ചെയ്യുന്നതാണ് ഇഹ്സാൻ ജഫ്രിയുടെ സ്മരണ.