കോളേജ് അധികൃതർ സർട്ടിഫിക്കറ്റുകൾ തടഞ്ഞു വെച്ചു; വിദ്യാർഥിക്ക് തുടർ പഠനം മുടങ്ങി
കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിനെതിരെയാണ് പരാതി
കോഴിക്കോട്: കോളേജ് അധികൃതർ സർട്ടിഫിക്കറ്റുകൾ തടഞ്ഞു വെച്ചതിനാൽ തുടർ പഠനം മുടങ്ങിയതായി വിദ്യാർഥി. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിനെതിരെയാണ് പരാതി. മൂന്നു വർഷം മുമ്പ് അഡ്മിഷനെടുത്ത വിദ്യാർഥി ക്ലാസ് തുടങ്ങുന്നതിനു മുമ്പ് തന്നെ ജോയിൻ ചെയ്യാനാകില്ലെന്ന് അറിയിച്ചെങ്കിലും മുഴുവൻ ഫീസും അടക്കാതെ സർട്ടിഫിക്കറ്റുകൾ വിട്ടു നൽകാനാകില്ലെന്ന് കോളേജ് അധികൃതർ അറിയിക്കുകയായിരുന്നു.
2021ലാണ് ബാലുശേരി കിനാലൂർ സ്വദേശിയായ നന്ദന മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളേജിൽ ഡയാലിസിസ് ടെക്നോളജി എന്ന കോഴ്സിനു ചേരുന്നത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് തന്നെ ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ക്ലാസിൽ ചേരുന്നില്ലെന്നറിയിച്ചു. എന്നാൽ മുഴുവൻ ഫീസും അടക്കാതെ സ്കൂൾ സർട്ടിഫിക്കറ്റുകൾ വിട്ടു നൽകാനാകില്ലെന്നാണ് കോളേജ് അധികൃതർ അറിയിച്ചത്.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചതിനെ തുടർന്ന് മൂന്നു തവണ കോളേജിന് നോട്ടീസ് അയച്ചെങ്കിലും കോളേജ് അധികൃതർ ഹാജരായില്ല. പത്താം ക്ലാസ്, പ്ലസ് ടു സട്ടിഫിക്കറ്റുകൾ മൂന്നു വർഷമായി തടഞ്ഞു വെച്ചതു കാരണം മറ്റൊരു കോഴ്സിനും ചോരാനാകാത്ത വിദ്യാർഥി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്