എൻഡോസൾഫാൻ ദുരിതബാധിതർക്ക് നാലാഴ്ചക്കകം നഷ്ടപരിഹാരം നൽകണം; സർക്കാരിന് സുപ്രിംകോടതിയുടെ അന്ത്യശാസനം

നിരവധി കുടുംബങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് അവസാനം

Update: 2022-04-10 03:24 GMT
Editor : Lissy P | By : Web Desk
Advertising

ഡല്‍ഹി:എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് സുപ്രിം കോടതിയുടെ അന്ത്യശാസനം. നാലാഴ്ചക്കകം നഷ്ടപരിഹാര വിതരണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രിംകോടതി നിർദ്ദേശിച്ചു. ദുരിത ബാധിതരുടെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കോടതിയുടെ ഇടപെടലിലൂടെ നഷ്ടപരിഹാരം ലഭിക്കുന്നത്.

2010ൽ ദേശീയ മനുഷ്യാവകാശ കമ്മിഷനും തുടർന്ന് 2017ൽ സുപ്രിംകോടതിയും ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നു. എന്നാൽ അർഹരായ എല്ലാ ദുരിതബാധിതർക്കും മുഴുവൻ നഷ്ടപരിഹാരത്തുകയും സംസ്ഥാന സർക്കാർ നൽകിയില്ല. ഇതിനെ തുടർന്ന് എൻഡോസൾഫാൻ ദുരിത ബാധിതർക്കുവേണ്ടി പ്രവർത്തിക്കുന്ന 12 സംഘടനകളുടെ കൂട്ടായ്മ കോടതിയലക്ഷ്യ ഹർജി നൽകി. ഇതിലാണ് നഷ്ടപരിഹാര വിതരണം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നാലാഴ്ചത്തെ സമയം അനുവദിച്ചത്.

നഷ്ടപരിഹാരം നൽകാൻ 200 കോടി രൂപ അനുവദിച്ച് നേരത്തേ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. കിടപ്പുരോഗികൾ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ, അംഗവൈകല്യം സംഭവിച്ചവർ, അർബുദ രോഗികൾ എന്നിവർക്കാണ് നഷ്ടപരിഹാരം നൽകുക. നിലവിൽ 6728 പേരാണ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിലുള്ളത്. ഇതിൽ 3,714 പേർക്കു 5 ലക്ഷം രൂപയും 1,568 പേർക്ക് 2 ലക്ഷം രൂപയും നൽകാനുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News