പഞ്ചവാദ്യത്തിന് ശബ്ദം കുറഞ്ഞു; കൊല്ലത്ത് ക്ഷേത്ര ജീവനക്കാരനെ മർദിച്ചെന്ന് പരാതി
തോർത്തിൽ മെറ്റൽ കെട്ടിയായിരുന്നു ആക്രമണമെന്നാണ് പരാതി
കൊല്ലം: ശീവേലി ചടങ്ങിൽ പഞ്ചവാദ്യത്തിന് ശബ്ദം കുറഞ്ഞുവെന്ന് ആരോപിച്ച് ക്ഷേത്ര ജീവനക്കാരനെ മർദിച്ചെന്ന് പരാതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കൊല്ലം ചവറ തേവലക്കര മേജർ ദേവി ക്ഷേത്ര ജീവനക്കാരനായ വേണുഗോപാലാണ് വിജയൻപിള്ളയുടെ ആക്രമണത്തിൽ പരിക്കേറ്റത്. തേവലക്കര ദേവീക്ഷേത്രത്തിലെ താൽക്കാലിക പഞ്ചവാദ്യ ജീവനക്കാരനാണ് വേണുഗോപാൽ. എന്നാൽ കേസിലെ പ്രതിക്കെതിരെ നിസ്സാര വകുപ്പുകൾ ചുമത്തി കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായാണ് ജീവനക്കാരുടെ ആരോപണം.
ക്ഷേത്രത്തിൽ ശീവേലി ചടങ്ങിന് എത്തിയ പ്രതി വിജയൻപിള്ള, പഞ്ചവാദ്യത്തിന് ശബ്ദം പോരായെന്ന് ആരോപിച്ച് വേണുഗോപാലിനെ അക്രമിക്കുകയായിരുന്നു. തോർത്തിൽ മെറ്റൽ കെട്ടിയായിരുന്നു ആക്രമണമെന്നാണ് പരാതി. മറ്റ് ക്ഷേത്ര ജീവനക്കാർ എത്തിയാണ് വേണുഗോപാലിനെ രക്ഷപ്പെടുത്തിയത്. ആക്രമണത്തിനുശേഷം പ്രതി ഒളിവിൽ പോയി. ദേവസ്വം ബോർഡിന്റെ പരാതിയിൽ തെക്കുംഭാഗം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ കേസ് ഒതുക്കി തീർക്കാൻ ശ്രമങ്ങൾ നടക്കുന്നതായി ക്ഷേത്ര ജീവനക്കാർ ആരോപിച്ചു.
പ്രതിയായ വിജയൻപിള്ള ക്ഷേത്ര ഉപദേശക സമിതിയുടെ മുൻ സെക്രട്ടറിയാണൊണ് വിവരം. എന്നാൽ നിലവിലെ ക്ഷേത്ര കമ്മിറ്റിയുമായി വിജയൻ പിള്ളക്ക് ബന്ധമില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.