പനി ബാധിച്ച് എത്തിയ പിഞ്ചുകുഞ്ഞിന് തൃശൂർ സൺ ആശുപത്രിയിൽ മരുന്ന് മാറിനൽകിയതായി പരാതി
ഗുരുതരാവസ്ഥയിലായ കുഞ്ഞ് സ്വകാര്യമെഡിക്കൽ കോളജിലെ ചികിത്സക്ക് ശേഷമാണ് ആരോഗ്യനില വീണ്ടെടുത്തത്
തൃശൂര്‍: പനി ബാധിച്ച് എത്തിയ ഒമ്പതു മാസമുള്ള കുഞ്ഞിന് തൃശൂർ സൺ ആശുപത്രിയിൽ മരുന്ന് മാറിനൽകിയതായി പരാതി. ഗുരുതരാവസ്ഥയിലായ കുഞ്ഞ് സ്വകാര്യമെഡിക്കൽ കോളജിലെ ചികിത്സക്ക് ശേഷമാണ് ആരോഗ്യനില വീണ്ടെടുത്തത്. ഡ്യൂട്ടി നഴ്സിന് വീഴ്ച പറ്റിയതാണെന്നുംവിദഗ്ധ ചികിത്സക്ക് സൗകര്യം ഒരുക്കിയെന്നുമാണ് സൺ ആശുപത്രി അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ മാസം 27-ാം തിയതി രാത്രിയിലാണ് കടുത്ത പനിയെ തുടർന്ന് എൽവിൻ - അലീന ദമ്പതികളുടെ ഒമ്പത് മാസം പ്രായമുള്ള കുട്ടിയെ തൃശൂർ സൺ ആശുപത്രിയിൽ എത്തിച്ചത്. പനിയുടെ തീവ്രത കുറക്കുന്നതിനായി സപ്പോസിറ്റർ വെക്കുകയും പത്ത് മിനിറ്റിനുള്ളിൽ കുട്ടി അബോധാവസ്ഥയിൽ ആകുകയും ചെയ്തു. കുട്ടിക്ക് ഫിക്സ് ആണെന്നും അപകടാവസ്ഥയിലായതിനാൽ പിഐസിയു ഉള്ള മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും സൺ ആശുപത്രി അധികൃതർ അറിയിച്ചു. സൺ ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി ഡോക്ടർക്കൊപ്പമാണ് കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ആരോഗ്യ നിലയിൽ ഇത്ര വേഗം വഷളായതിലുണ്ടായതിനെ തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടർ നിരന്തരം ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് മരുന്ന് മാറിയ കാര്യം സൺ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ വ്യക്തമാക്കിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. പാരസെറ്റമോൾ സപ്പോസിറ്ററിക്കു പകരം ട്രെമഡോളാണ് കുട്ടിക്ക് നൽകിയിരുന്നത്.
ഇത് സംബന്ധിച്ച് നെടുപുഴ പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ കുഞ്ഞ് ഒന്നര ദിവസം സ്വകാര്യ മെഡിക്കൽ കോളേജിലെ ഐസിയുവിൽ കഴിഞ്ഞ ശേഷമാണ് ആരോഗ്യനില വീണ്ടെടുത്തത്. നഴ്സിനു പറ്റിയ അബദ്ധമാണെന്നും ഉടനെ വിദഗ്ധചികിത്സയ്ക്കുള്ള സൗകര്യം ഉണ്ടാക്കിയെന്നുമാണ് സൺ ആശുപത്രി അധികൃതരുടെ വിശദീകരണം.